കോന്നി: പാലാ ഫലം യുഡിഎഫിനുള്ള ചൂണ്ട് പലകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോൽവി അമിത ആത്മവിശ്വാസത്തിനും തമ്മിലടിക്കും ജനം നൽകിയ തിരിച്ചടിയാണെന്ന് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. തോൽവിയിൽ യുഡിഎഫിന് കൂട്ടുത്തരവാദിത്തമുണ്ടെന്ന് പറഞ്ഞ ചെന്നിത്തല വാക്പോരുകൾ അവസാനിപ്പിച്ച് എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് തമ്മിലടി അടിയന്തരമായി അവസാനിപ്പിക്കണമെന്നും മുന്നണി സംവിധാനം ഇങ്ങനെ മുന്നോട്ട് പോകില്ലെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു. 

ചെന്നിത്തലയുമായി സി പി അജിത നടത്തിയ അഭിമുഖം

കോന്നിയിൽ അടൂർ പ്രകാശ് നിർണ്ണായകമാണെന്ന് പറഞ്ഞ ചെന്നിത്തല കോൺഗ്രസിനകത്തെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായതായും അവകാശപ്പെട്ടു. അടൂർ പ്രകാശിന്റെ അതൃപ്തി മാധ്യമ വ്യാഖ്യാനം മാത്രമാണെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ വാദം. 23 വർഷം കോന്നിയിൽ അടൂർ പ്രകാശ് നടത്തിയ വികസനപ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന് ചെന്നിത്തല ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രചാരണത്തിൽ അടൂർ പ്രകാശ് സജീവമായി പങ്കെടുക്കുമെന്നും കോൺഗ്രസ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി. 

സംസ്ഥാനത്തെ പിണറായി വിജയൻ സർക്കാരിന്‍റെ ദുർഭരണത്തിന്‍റെയും കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെയുമായ വിധിയെഴുത്താകും ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാകുകയെന്ന് ചെന്നിത്തല അവകാശപ്പെട്ടു.