കോഴിക്കോട്:  പാല ഉപതെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് വലിയ പാഠമെന്ന് വി.എം.സുധീരൻ. പാലാ ഉപതെരഞ്ഞെടുപ്പിൽ നിന്ന് യുഡിഎഫിന് പലതും പഠിക്കാനുണ്ട്. പാലായിലെ ഫലം നൽകുന്ന സൂചന ജനങ്ങൾക്ക് രാഷ്ട്രീയ വിരക്തി ഉണ്ടെന്നതാണ്. പാലായിൽ വലിയ വില യുഡിഎഫ് കൊടുത്തു കഴിഞ്ഞുവെന്നും വി.എം.സുധീരൻ കോഴിക്കോട് പറഞ്ഞു. മറ്റ് പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം യുഡിഎഫിന് എതിരായ പാലായിലെ ജനവിധിയെ ന്യായീകരിക്കുന്നതിനിടെയാണ് വിമർശനവുമായി വി.എം.സുധീരൻ രംഗത്തെത്തുന്നത്.

പെരിയ കൊലക്കേസിലെ ഹൈക്കോടതി നടപടി ചൂണ്ടിക്കാട്ടിയ സുധീരൻ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ വലിയ വിമർശനവും ഉന്നയിച്ചു. പെരിയ ഇരട്ട കൊലപാതക കേസിലെ ആഭ്യന്തര വകുപ്പിന്റെ പരാജയം, ഹൈക്കോടതി ചൂണ്ടി കാട്ടിയ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി തുടരുന്നത് ധാർമികമായി ശരിയല്ല. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജി വയ്ക്കാൻ തയ്യാറാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

പാലാ  ഉപതെരഞ്ഞെടുപ്പ് ഫലം യുഡിഎഫിനെ സ്നേഹിക്കുന്ന ജനങ്ങൾ നൽകിയ താക്കീതാണെന്നെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. തോൽപിക്കുകയല്ല താക്കീത് നൽകുകയാണ് ജനങ്ങൾ ചെയ്തതെന്ന് ചെന്നിത്തല വിശദീകരിച്ചിരുന്നു. ചക്ക വീണപ്പോൾ മുയൽ ചത്തത് പോലെയാണ് പാലായിലെ എൽഡിഎഫ് വിജയമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് അതിൽ ഇടതുപക്ഷത്തിന്  അമിതാഹ്ളാദം വേണ്ടെന്നും ആണ് മുന്നറിയിപ്പ് നൽകിയത്.

പാലാ ഉപതെരഞ്ഞെടുപ്പിലേത് രാഷ്ട്രീയ ജനവിധി അല്ല ,മറിച്ച് വൈകാരിക ഫലം മാത്രമെന്ന് ആയിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് ഫലത്തിന്റെ മേനി പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ അഹങ്കരിക്കുന്നതെന്നും മുങ്ങിച്ചാകുന്ന മനുഷ്യന് കിട്ടിയ കച്ചിത്തുരുമ്പ് പോലെയാണ് മുഖ്യമന്ത്രി പാലാ തെരഞ്ഞെടുപ്പിനെ കണ്ട് ആഹ്ലാദിക്കുന്നതെന്നും ആയിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമർശനം.

വിവാദമായ പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സിബിഐ അന്വേഷണം നടത്താൻ ഹൈക്കോടതി ഇന്നലെയാണ് ഉത്തരവിട്ടത്. സംസ്ഥാന പൊലീസിന്‍റെ അന്വേഷണത്തെ രൂക്ഷമായി വിമർശിച്ച ശേഷമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് സിബിഐക്ക് വിട്ടത്. ഏപ്രിലിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. കേസിൽ രാഷ്ട്രീയ ചായ്‍വടക്കം വിശദമായി അന്വേഷണിക്കണമെന്നാവശ്യപ്പെട്ട് കോടതി കേസ് സിബിഐക്ക് വിടുകയായിരുന്നു.

കേരളം കണ്ട ഏറ്റവും നിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകത്തിന്റെ അന്വേഷണം അട്ടിമറിക്കുന്നതിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടനടി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടിരുന്നു.