പത്തനംതിട്ട: ശബരിമല വിഷയത്തിൽ പന്തളം രാജകുടുംബത്തിന്‍റെ നിലപാടും ബിജെപിയെ പിന്തുണച്ചില്ല. ശബരിമല സ്ത്രീ പ്രവേശനുവുമായി ബന്ധപ്പെട്ട് ആചാരം സംരക്ഷിക്കാൻ സഹായിച്ചവരെ തിരിച്ചും സഹായിക്കുമെന്ന്  പന്തളം രാജകുടുംബം നിർവാഹക സംഘം പ്രസിഡന്റ് ശശികുമാർ വർമ നേരത്തെ പറഞ്ഞിരുന്നു. ശബരിമലയിലെ യുവതീ പ്രവേശനത്തിൽ നിയമനിർമാണത്തിന് കേന്ദ്രം ഇടപെട്ടിരുന്നെങ്കിൽ പരസ്യപിന്തുണ നൽകുമായിരുന്നുവെന്നും അവർ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍, ശബരിമല വിവാദത്തിന് ശേഷം നടന്ന പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് പന്തളം കൊട്ടാരം സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ പോലും നേട്ടമുണ്ടാക്കാനായിരുന്നില്ല. 

പരസ്യമായിട്ടല്ലെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്തുണ നൽകുന്ന തരത്തിലായിരുന്നു അവരുടെ ഓരോ പ്രസ്താവനകളും. ഫലം വന്നപ്പോൾ  380089 വോട്ടുകള്‍ നേടി ആന്‍റോ ആന്‍റണി പത്തനംതിട്ടയില്‍ വിജയം ഉറപ്പിക്കുകയും ചെയ്തു. പന്തളം അടങ്ങുന്ന അടൂർ മണ്ഡലത്തിൽ  സിപിഎമ്മിന്റെ സ്ഥാനാർ‌ത്ഥിയായ വീണാ ജോർജാണ് ഒന്നാംസ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്ത് സുരേന്ദ്രൻ ലീഡ് ചെയ്തപ്പോൾ പത്തനംതിട്ടയിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി മൂന്നാംസ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. വീണാ ജോർജിന്  53216ഉം സുരേന്ദ്രന് 51260ഉം ആന്‍റോ ആന്‍റണിയ്ക്ക് 49280 വോട്ടുമാണ് ലഭിച്ചത്.

തെരഞ്ഞെടുപ്പിൽ പിന്തുണ ആവശ്യപ്പെട്ട് ബിജെപി നേതൃത്വം പന്തളം കൊട്ടാരത്തോട് സഹായം അഭ്യർത്ഥിക്കുകയും ചെയ്‌തിരുന്നു. സുരേന്ദ്രൻ അടക്കമുള്ള ബിജെപി സ്ഥാനാർത്ഥികൾ പല തവണ കൊട്ടാരത്തിലെത്തി വോട്ട് ചോദിക്കുകയും ചെയ്‌തു. പരസ്യമായി രംഗത്തിറങ്ങില്ലെങ്കിലും കൊട്ടാരത്തിന്‍റെ പിന്തുണ തങ്ങൾക്ക് ഉണ്ടെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്.