ഉമ്മൻചാണ്ടിയും പിണറായിയും പാര വയ്ക്കുന്നത് കൊണ്ടാണ് തനിക്ക് യുഡിഎഫിലും എൽഡിഎഫിലും ചേരാൻ സാധിക്കാത്തതെന്നാണ് പിസി ജോർജിന്റെ പരാതി.

പത്തനംതിട്ട: കോൺഗ്രസ് കൈയ്യൊഴിഞ്ഞതോടെ എൻഡിഎയിലേക്ക് ചേക്കാറാനൊരുങ്ങി പിസി ജോർജ്ജ്. മുന്നണീ പ്രവേശനം സംബന്ധിച്ച തുടര്‍ച്ചകള്‍ക്ക് ജനപക്ഷം സംസ്ഥാന സമിതി തന്നെ ചുമതലപ്പെടുത്തിയതായി പിസി ജോര്‍ജ് അറിയിച്ചു. എന്നാല്‍ പിസി ജോര്‍ജുമായി സഹകരിക്കുന്നത് സംബന്ധിച്ച് ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. 

മൂന്ന് മുന്നണികളോടും മത്സരിച്ച് പൂഞ്ഞാറില്‍ നിന്നും മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച പിസി ജോര്‍ജ് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പുതിയ പരീക്ഷണത്തിനൊരുങ്ങുന്നത്. കേരള കോണ്‍ഗ്രസിലെ കലാപത്തിനൊടുവില്‍ പാര്‍ട്ടിയും യുഡിഎഫും വിട്ട് പോന്ന ജോര്‍ജ് കഴിഞ്ഞ കുറച്ചുകാലമായി പുതിയ തട്ടകങ്ങള്‍ തേടുകയാണ്. 

യുഡിഎഫായിരുന്നു ലക്ഷ്യമെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ പിന്നോക്കം വലിഞ്ഞു. പിന്നെ പത്തനംതിട്ടയില്‍ സീറ്റില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും ഇല്ലെന്നും മാറ്റി പറഞ്ഞു. ഇടതുക്യാംപിലേക്ക് പോകുന്നില്ലെന്ന് ഉറപ്പിച്ച പിസി ജോര്‍ജ് അവസാന അടവെന്ന നിലയിലാണ് എൻഡിഎയിലേക്ക് ചാടാൻ നോക്കുന്നത്. 

ഉമ്മൻചാണ്ടിയും പിണറായിയും കാരണമാണ് തനിക്ക് യുഡിഎഫിലും എൽഡിഎഫിലും ചേരാൻ സാധിക്കാത്തതെന്നാണ് പിസി ജോർജിന്റെ പരാതി. അതേസമയം ബിജെപിയോട് അടുക്കാൻ ശ്രമിക്കുന്ന ജോർജിനെ സംശയത്തോടെയാണ് ബിജെപി ക്യാംപ് നോക്കി കാണുന്നത്. പിസി ജോർജിനെ സ്വീകരിക്കുന്നതിനോട് സംസ്ഥാനത്തെ ബിജെപി നേതാക്കൾക്ക് അഭിപ്രായമില്ല. 

പിസിയുടെ ഒറ്റയാൻ സ്വഭാവം നന്നായി അറിയുന്നതിനാൽ പിഎസ് ശ്രീധരൻ പിള്ളയും മുന്നണി വിപുലീകരണത്തിൽ അമിത ആവേശം കാട്ടുന്നില്ല. ശബരിമല പ്രശ്നത്തിൽ വിശ്വാസികൾക്കൊപ്പം നിന്ന ജോർജ്ജ് കറുപ്പ് അണിഞ്ഞെത്തി നിയമസഭയിൽ നേരത്തെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.