താരപരിവേഷമില്ലാതെ വളരെ നേരം ക്യൂ നിന്ന് വോട്ട് ചെയ്ത വിജയിന്‍റേയും പോളിംഗ് ബൂത്തില്‍ കാത്തിരുന്ന ആരാധകരുടെ ആരവങ്ങള്‍ക്കിടയിലേക്ക് എത്തിയ അജിത്തിന്‍റേയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ചെന്നൈ/ബെംഗളൂരു: തമിഴ്നാടും പുതുച്ചേരിയും കര്‍ണാടകയും ഉള്‍പ്പടെ തെക്കേഇന്ത്യയിലെ നിര്‍ണായകമായ 53 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ തികച്ചും സമാധാനപരമാണ് പോളിങ്ങ്. ഉച്ചവരെ ഭേദപ്പെട്ട പോളിങ്ങ് രേഖപ്പെടുത്തി
വെല്ലൂര്‍ ഒഴികെ തമിഴ്നാട്ടിലെ 38 ലോക്സഭാ സീറ്റുകളിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 22 മണ്ഡലങ്ങളില്‍ 18 സീറ്റുകളിലേക്കുമാണ് പോളിങ്ങ്. 67,720 പോളിങ്ങ് സെന്‍റുറുകളാണ് സജ്ജീകരിച്ചിരുന്നത്. ആദ്യ രണ്ട് മണിക്കൂറികളില്‍ വോട്ടര്‍മാരുടെ നീണ്ട നിര പോളിങ്ങ് ബുത്തുകള്‍ക്ക് മുന്നില്‍ ഉണ്ടായെങ്കിലും പിന്നീട് കുറഞ്ഞു. മധുരയില്‍ വോട്ടിങ്ങ് മെഷിനുകളിലെ സാങ്കേതിക തകരാര്‍ കാരണം പോളിങ്ങ് വൈകിയാണ് തുടങ്ങിയത്.
ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനും കനിമൊഴിയും സൗത്ത് ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരം, കാര്‍ത്തി ചിദംബരം, ബിജെപി സ്ഥാനാര്‍ത്ഥി എച്ച്.രാജ തുടങ്ങിയവര്‍ ശിവഗംഗയില്‍ വോട്ട് ചെയ്തു.വോട്ട് ചെയ്ത് മാധ്യമങ്ങളെ കണ്ട കനിമൊഴി ആദായനികുതി റെയ്ഡ് പ്രതികാര നടപടിയെന്ന് ആവര്‍ത്തിച്ചു
നടന്‍ രജനീകാന്ത്, മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ഹാസന്‍,മകള്‍ ശ്രുതി ഹാസന്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ചെന്നൈ സൗത്ത് മണ്ഡലത്തിലെ വോട്ടര്‍മാരായ നടന്‍ അജിത്തും ഭാര്യ ശാലിനിയും തിരുവാണ്‍മിയൂരിലെത്തി വോട്ട് രേഖപ്പെടുത്തി. ക്യൂവില്‍ വളരെ നേരെ കാത്ത് നിന്ന് വോട്ട് ചെയ്ത വിജയിയുടേയും പോളിംഗ് ബൂത്തില്‍ കാത്തുനിന്ന ആരാധകരുടെ ആവേശത്തിലേക്ക് വന്നിറങ്ങിയ അജിത്തിന്‍റേയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തിലെ വോട്ടറായ നടന്‍ വിജയ് അഡയാറിലെ പോളിംഗ് കേന്ദ്രത്തില്‍ വോട്ട് ചെയ്തു. നടന്‍ സൂര്യ ഭാര്യ ജ്യോതികയ്ക്കും സഹോദരന്‍ കാര്‍ത്തിക്കുമൊപ്പം പോളിംഗ് ബൂത്തിലെത്തി.
എന്‍ഡിഎയിലെ പിഎംകെ, ഡിഎംഡികെ പാര്‍ട്ടികള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള വടക്കന്‍ മേഖലയില്‍ പോളിംഗ് ഉയര്‍ന്നത് ബിജെപിക്ക് ആശ്വാസമായി. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ തന്നെ ബിജെപി ടിക്കറ്റില്‍ മത്സരരിക്കുന്ന കന്യാകുമാരിയിലും പോളിങ്ങ് ഭേദപ്പെട്ട നിലയിലായിരുന്നു.
തിരുപ്പൂര്‍ ലോക്സഭാ മണ്ഡലത്തിലെ നാഗന്നൂര്‍പാളയം എന്ന പ്രദേശത്തെ 1091 പേര്‍ ഇക്കുറി വോട്ടിംഗ് ബഹിഷ്കരിച്ചു. പൊതുശ്മശാനം
വേണമെന്ന ആവശ്യം ഇതുവരെ അംഗീകരിച്ചു കിട്ടാത്തതിലുള്ള പ്രതിഷേധം എന്ന നിലയിലാണ് ഇവരുടെ ബഹിഷ്കരണം. മാഹിയില്‍ മക്കള്‍ നീതി മയ്യത്തിന്‍റെ വോട്ട് ചെയ്യുമെന്നായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ ഘടകം നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇടത് പ്രവര്‍ത്തകരുടെ വോട്ട് കോണ്‍ഗ്രസിനെന്ന് വ്യക്തമാക്കി വി രാമചന്ദ്രന്‍ എംഎല്‍എ ഇന്ന് രംഗത്തുവന്നത് കൗതുകമായി.
ദക്ഷിണകര്‍ണാടകയില്‍ നല്ല പോളിംഗാണ് ഇക്കുറി രേഖപ്പെടുത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കാര്യമായി നേട്ടമുണ്ടാക്കിയ തീരദേശ കര്‍ണാടക ഉള്‍പ്പടെ 14 മണ്ഡലങ്ങളില്‍ സമാനമായിരുന്നു പോളിങ്ങ്. സഖ്യത്തിന് അനുകൂലമായി ന്യൂനപക്ഷ പിന്നോക്ക വോട്ടുകള്‍ ഏകീകരിക്കുന്നതിന്‍റെ സൂചനയാണ് ഉയര്‍ന്ന പോളിങ്ങെന്ന് കോണ്‍ഗ്രസും ജെഡിഎസ്സും പറയുന്നു. എന്നാല്‍ ജെഡിഎസ്-കോണ്‍ഗ്രസ് ശക്തി കേന്ദ്രമായിരുന്ന മൈസൂര്‍ മേഖലയില്‍ പോളിംഗ് കുറവാണ്. ദക്ഷിണകന്നഡയില്‍ പലയിടത്തും രാവിലെ പത്ത് മണിയോടെ തന്നെ 25 ശതമാനം പോളിംഗ് പൂര്‍ത്തിയായെന്നാണ് വിവരം.
,
