സോപൂൾ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തിൽ നിന്ന് പിരിച്ചുവിടാൻ ജനങ്ങൾ തീരുമാനിച്ചതായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ജനങ്ങളുടെ ചൗകിദാറാകുമെന്ന് വാഗ്‌ദാനം ചെയ്ത് അദ്ദേഹം അനിൽ അംബാനിയുടെ ചൗകിദാറായെന്ന് അദ്ദേഹം ബീഹാറിലും കുറ്റപ്പെടുത്തി. റാഫേൽ ഇടപാട് നിഷ്പക്ഷമായി അന്വേഷിക്കാൻ തുടങ്ങിയാൽ അനിൽ അംബാനിക്കൊപ്പം ചൗകിദാറും ജയിലിലായിരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

"അദ്ദേഹം എത്ര തവണ വേണമെങ്കിലും ശ്രമിക്കട്ടെ. ബീഹാറിലെയും രാജ്യത്തെയും ജനങ്ങൾ കാവൽക്കാരനെ ഒരിക്കൽ കൂടി ഓഫീസിൽ ഇരുത്തില്ലെന്ന തീരുമാനത്തിൽ ഉറച്ചാണ് നിൽക്കുന്നത്. 2008 ൽ പ്രളയത്തിൽ ബീഹാറിൽ നാശനഷ്ടമുണ്ടായപ്പോൾ യുപിഎ സർക്കാർ നൂറ് കോടിയാണ് അനുവദിച്ചതെന്നും, എന്നാൽ 2017 ൽ പ്രളയമുണ്ടായപ്പോൾ മോദി സർക്കാർ അഞ്ച് രൂപ പോലും നൽകിയില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും അധികാരത്തിൽ എത്തിയ ഉടൻ വാഗ്ദാനങ്ങൾ നിറവേറ്റിയെന്ന് പറഞ്ഞ കോൺഗ്രസ് അദ്ധ്യക്ഷൻ കേന്ദ്രത്തിൽ അധികാരത്തിലെത്തിയാലും വാഗ്ദാനങ്ങൾ എല്ലാം നിറവേറ്റുമെന്ന് പറഞ്ഞു. ബീഹാറിലും ന്യായ് പദ്ധതി തന്നെ ആയുധമാക്കിയ രാഹുൽ, രാജ്യത്ത് പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കുമെന്ന കാര്യവും പറഞ്ഞു.