ലഖ്നൗ: യഥാർത്ഥ ചൗക്കിദാർ ആരാണെന്ന് വാരണാസിയിലെ ജനങ്ങൾ തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എതിർ സ്ഥാനാർത്ഥിയായ തേജ് ബഹദൂർ യാദവ്. ബിഎസ്എഫ് ജവാൻമാർക്ക് മോശം ഭക്ഷണം വിളമ്പിയത് വിമർശിച്ചതിന്‍റെ പേരിൽ സർവ്വീസിൽ നിന്നും പുറത്താക്കപ്പെട്ട തേജ് ബഹാദൂർ യാദവ് എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ സ്ഥാനാർത്ഥിയായിട്ടാണ് മോദിക്കെതിരെ മത്സരിക്കുന്നത്.

'തൊഴിലില്ലായ്മയും കർഷകരുടെയും ജവാന്മാരുടെയും ദുരവസ്ഥകളുമാണ് നമ്മുടെ യഥാർത്ഥ പ്രശ്നങ്ങൾ. ആരാണ് യഥാർത്ഥ ചൗക്കിദാർ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. ഞാൻ വിജയിക്കുമെന്ന് ഉറപ്പുണ്ട്'- തേജ് ബഹാദൂർ യാദവ് പറഞ്ഞു.

വാരണാസിയിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന് തേജ് ബഹാദൂർ നേരെത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് നിന്ന് അഴിമതി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിക്കെതിരെ ജനവിധി തേടാൻ ഒരുങ്ങുന്നതെന്നാണ് അന്ന് തേജ് ബഹാദൂർ പറഞ്ഞത്.

നേരെത്തെ ഏപ്രിൽ 22 ന് ശാലിനി യാദവിനെ വാരണസിയിലെ സംയുക്ത സ്ഥാനാർത്ഥിയായി എസ്പി-ബിഎസ്പി സഖ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ദേശീയതയിലൂന്നി പ്രചാരണം കൊഴുപ്പിക്കുന്ന പ്രധാനമന്ത്രിക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എസ്പി- ബിഎസ്പി സഖ്യം തേജ് ബഹദൂർ യാദവിനെ രംഗത്തിറക്കുന്നത്. മെയ് 19 നാണ് വാരണസിയിലെ തെരഞ്ഞെടുപ്പ്.