മുംബൈ: മാലെഗാവ് സ്ഫോടനക്കേസിലെ പ്രതി പ്രഗ്യാ സിംഗ് താക്കൂർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് സ്ഫോടനത്തിൽ മരിച്ച ഇരയുടെ അച്ഛൻ മുംബൈ എൻഐഎ കോടതിയിൽ ഹർജി നൽകി. മാലെഗാവ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട സയ്യിദ് അസർ നിസാർ അഹമ്മദിന്റെ അച്ഛൻ നിസാർ അഹമ്മദ് സയ്യദ് ബിലാലാണ് ഹർജി നൽകിയത്. തീവ്രവാദക്കേസിൽ പ്രതിയായ പ്രഗ്യാ സിംഗ് താക്കൂർ ആരോഗ്യം മോശമാണെന്ന കാരണം പറഞ്ഞ് സമ്പാദിച്ച ജാമ്യത്തിലാണ് ജയിൽ മോചിതയായത്. ജാമ്യത്തിൽ നിന്നാണ് ബിജെപി ടിക്കറ്റിൽ ഭോപാലിൽ നിന്ന് മത്സരിക്കാനൊരുങ്ങുന്നത്.

മാലേഗാവ് സ്ഫോടനത്തെ ' കാവി ഭീകരത' എന്ന് വിശേഷിപ്പിച്ചതിന് കോണ്‍ഗ്രസിനെ ശിക്ഷിക്കാനാണ് പ്രഗ്യ സിങ്ങിന് പാര്‍ട്ടി അംഗത്വവും സ്ഥാനാര്‍ഥിത്വവും നല്‍കിയതെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ ഭുവനേശ്വറില്‍ പറഞ്ഞിരുന്നു. ഭോപ്പാല്‍ ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ് സിംഗ് ആണ് ജനവിധി തേടുന്നത്. നിലവില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റായ മണ്ഡലത്തില്‍ പ്രഗ്യ സിംഗ് സ്ഥാനാര്‍ഥിയായി എത്തുന്നതോടെ കടുത്ത മത്സരം നടക്കുമെന്നാണ് റിപ്പോർട്ട്. ഇതിനിടയിലാണ് പ്രഗ്യയുടെ സ്ഥാനാർത്ഥിത്വം തടയണം എന്നാവശ്യപ്പെട്ടുള്ള ഹർജി വരുന്നത്.

പ്രഗ്യാ സിംഗ് ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ബിജെപി വക്താവ് ജിവി എൽ നരസിംഹ റാവുവിന് നേരെ കാൺപൂർ സ്വദേശിയായ ഡോക്ടർ ശക്തി ഭാർഗവ ഇന്ന് ഷൂ എറിഞ്ഞിരുന്നു. ദില്ലി ബിജെപി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തുന്നതിനിടെ ആയിരുന്നു സംഭവം.