കോഴിക്കോട്: വടകരയില്‍ 50000 ന് മുകളില്‍ ലീഡ് നേടിയതിന് പിന്നാലെ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. തുടക്കം മുതല്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്ന തരത്തില്‍ തന്നെയുളള ഭൂരിപക്ഷമാണ് വടകരയില്‍ മുരളീധരന്‍ നിലനിര്‍ത്തുന്നത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്ന് മുരളീധരന്‍ പ്രതികരിച്ചു. 

വടകരയില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായത് യുഡിഎഫിന് നേട്ടമായി. ശബരിമല വിഷയം ബിജെപി മുതലെടുത്തത് ഭൂരിപക്ഷം ജനങ്ങളും തിരിച്ചറിയുകയും അവര്‍ യുഡിഎഫിന് ഒപ്പം നില്‍ക്കുകയും ചെയ്തുവെന്നും മുരളീധരന്‍ വ്യക്തമാക്കി. 

മുഖ്യമന്ത്രിയുടെ ധാർഷ്യത്തിന് ഏറ്റ തിരിച്ചടിയാണ് ഇടതുമുന്നണിയുടെ പരാജയം. സർക്കാറിന് തെറ്റുകൾ തിരുത്താൻ രണ്ട് വർഷമുണ്ട്. അത് ചെയ്തില്ലെങ്കിൽ വൻ തിരിച്ചടി ഇനിയും ഉണ്ടാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

രണ്ടാഴ്ചക്കകം എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാണ് ചട്ടം. അതു പ്രകാരം രാജി വയ്ക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ യുഡിഎഫ് ഇനിയും ജയിക്കുമെന്നും മുരളീധന്‍ പറഞ്ഞു.