നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇങ്ങനെയൊരു നീക്കം ഉചിതമാണോ എന്ന് കോണ്‍ഗ്രസ് ആലോചിക്കണം. 

തിരുവനന്തപുരം: വയനാട് സീറ്റില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരെ നേരിടാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുന്നത്. ബിജെപി പരാജയപ്പെടുത്തുക എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ലക്ഷ്യം എന്നിരിക്കെ എന്തിനാണ് രാഹുല്‍ കേരളത്തിലേക്ക് വരുന്നത്. 

കേരളത്തിലെ പ്രധാനശക്തി ഇടതുപക്ഷമാണ്. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇങ്ങനെയൊരു നീക്കം ഉചിതമാണോ എന്ന് കോണ്‍ഗ്രസ് ആലോചിക്കണം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് വഴി ജനങ്ങള്‍ക്ക് കിട്ടുന്ന സന്ദേശം എന്താണെന്നതാണ് വിഷയമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

രാഹുല്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ വയനാട്ടിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കല്‍ മത്സരിച്ചു കഴിഞ്ഞ് തീരുമാനിക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.