തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കാണാൻ എകെജി സെന്‍റിൽ രാവിലെ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിലേക്ക് മടങ്ങി.  സംസ്ഥാനത്ത് ഇടത് ശക്തി കേന്ദ്രങ്ങളിൽ പോലും ഇടത് മുന്നണി കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രി ഔദ്യോഗിക വസതിയിലേക്ക് മടങ്ങിയത്. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവര്‍ രാവിലെ തന്നെ എകെജി സെന്‍ററിൽ എത്തിയിരുന്നു. ഇപി ജയരാജൻ അടക്കമുള്ള നേതാക്കളും പാര്‍ട്ടി ആസ്ഥാനത്ത് ഉണ്ടായിരുന്നു. ഏതാണ്ട് മുഴുവൻ സീറ്റിലും യുഡിഎഫ് മുന്നേറുകയു ശക്തികേന്ദ്രങ്ങളിലും സിറ്റിംഗ് സീറ്റിലും അടക്കം കനത്ത പ്രഹരം നേരിടുകയും ചെയ്ത സാഹചര്യം നേതാക്കൾ വിലയിരുത്തിയതായാണ് സൂചന. 

തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച എല്ലാ വിഷയങ്ങളും പരിശോധിക്കുമെന്നും പാലക്കാട്ട് സംഘടനാ ദൗർബല്യം ഉണ്ടായിട്ടില്ലെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസിന് ദേശീയ രാഷ്ട്രീയത്തിൽ വൻ തിരിച്ചടിയുണ്ടാവുകയാണെന്നും ഇപി ജയരാജൻ വിലയിരുത്തി.