Asianet News MalayalamAsianet News Malayalam

'പരാജയം പ്രതീക്ഷിച്ചിരുന്നില്ല'; കാരണങ്ങൾ വിശദമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

എല്‍ഡിഎഫിന്‍റെ പരാജയത്തിന് ഇടയാക്കിയ കാരണങ്ങൾ വിശദമായി പരിശോധിക്കുമെന്ന് പിണറായി വിജയന്‍.

pinarayi vijayan on failure in kerala lok sabha election
Author
Thiruvananthapuram, First Published May 23, 2019, 6:31 PM IST

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കേരളത്തില്‍ ഉണ്ടായ പരാജയം പ്രതീക്ഷിച്ചതായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന്‍റെ പരാജയത്തിന് ഇടയാക്കിയ കാരണങ്ങൾ വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിക്കെതിരായിട്ടുള്ള വികാരം പ്രതിഫലിക്കാറുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷികള്‍ക്കെതിരായുള്ള വിധിയെഴുത്തും സംസ്ഥാനത്ത് ഉണ്ടാവാറുണ്ട്. കോണ്‍ഗ്രസ്സിനെതിരെയും ഇത്തരത്തിലുള്ള ജനവിധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടെന്ന് പിണറായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരായുള്ള ശക്തമായ വികാരം സംസ്ഥാനത്ത് തെരഞ്ഞെടുപ്പിലുടനീളം പ്രതിഫലിച്ചിരുന്നു. ഇത്തരമൊരു വികാരം സംസ്ഥാനത്ത് ഉയര്‍ത്തിയെടുക്കുന്നതിന് എല്‍ഡിഎഫിന്‍റെ പ്രചരണങ്ങളും ഇടപെടലുകളുമാണ് പ്രധാനമായും ഇടയാക്കിയത്. അതിന്‍റെ ഫലമായാണ് ബിജെപിക്കെതിരായ ജനവിധി കേരളത്തിലുണ്ടായത്. ബിജെപിക്ക് കേരളത്തില്‍ സീറ്റൊന്നും ലഭിക്കാത്ത സാഹചര്യം രൂപപ്പെടാന്‍ ഇടയാക്കിയത് എല്‍ഡിഎഫിന്‍റെ ഈ രാഷ്ട്രീയ നിലപാടുകളാണെന്നും പിണറായി വിജയന്‍ പ്രസ്താവനയില്‍ പറയുന്നു.

ബിജെപി സര്‍ക്കാരിനെതിരായുള്ള കേരള ജനതയുടെ എതിര്‍പ്പ് കോണ്‍ഗ്രസ്സിന് അനുകൂലമായി മാറുന്ന സ്ഥിതിയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉണ്ടായത്. ഇതിന്‍റെ കാരണങ്ങള്‍ വിശദമായി പരിശോധിച്ച് മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബിജെപിക്കെതിരായുള്ള വികാരം കോണ്‍ഗ്രസ്സിന് അനുകൂലമായി മാറിയതിന്‍റെ കാരണങ്ങളെക്കുറിച്ചും വിശദമായി വിലയിരുത്തുമെന്നും പിണറായി പറഞ്ഞു.

Follow Us:
Download App:
  • android
  • ios