Asianet News MalayalamAsianet News Malayalam

ഒരിടത്തും ബിജെപിയുമായി മത്സരമില്ല; വീണാ ജോര്‍ജിനെ തള്ളി മുഖ്യമന്ത്രി

ഉത്തരേന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിച്ചവര്‍ ഇവിടെ റോഡ് ഷോ നടത്തിയ ജനങ്ങളെ പാട്ടിലാക്കാമെന്ന് കരുതി. അവര്‍ക്ക് ഈ തെരഞ്ഞെടുപ്പ് തിരിച്ചടിയാകുമെന്ന് പിണറായി വിജയൻ പറഞ്ഞു. വര്‍ഗ്ഗീയതയും വിദ്വേഷവും കേരളത്തിൽ വിലപ്പോകില്ല

pinarayi vijayan's reply to veena george
Author
Kannur, First Published Apr 23, 2019, 9:26 AM IST

കണ്ണൂര്‍: കേരളത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം എല്‍ ഡി എഫും  യു ഡി എഫും തമ്മിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒരു മണ്ഡലത്തിലും ബി ജെ പി രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും പിണറായി അഭിപ്രായപ്പെട്ടു. നേരത്തെ പത്തനംതിട്ടയിലെ പോരാട്ടം ബിജെപിയും എല്‍ ഡി എഫും തമ്മിലാണെന്ന് ഇവിടുത്തെ ഇടതുസ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് പറഞ്ഞിരുന്നു.

ഈ തെരഞ്ഞെടുപ്പില്‍ ചിലരുടെ അതിമോഹം തകര്‍ന്നടിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിച്ചവര്‍ ഇവിടെ റോഡ് ഷോ നടത്തിയ ജനങ്ങളെ പാട്ടിലാക്കാമെന്ന് കരുതി. അവര്‍ക്ക് ഈ തെരഞ്ഞെടുപ്പ് തിരിച്ചടിയാകുമെന്ന് പിണറായി വിജയൻ പറഞ്ഞു. വര്‍ഗ്ഗീയതയും വിദ്വേഷവും കേരളത്തിൽ വിലപ്പോകില്ല. മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്നും ഒരു മണ്ഡലത്തിലും  മൂന്നാംസ്ഥാനത്തല്ലാതെ ബിജെപിക്ക് എത്താൻ കഴിയില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേര്‍ത്തു. 

കേരളത്തിൽ വ്യാപകമായി വോട്ടിംഗ് മെഷീൻ തിരിമറിയുണ്ടായി. പലേടത്തും പോളിംഗ് തടസപ്പെടന്ന അവസ്ഥയുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. വേണ്ടത്ര ഗൗരവം തെര‍ഞ്ഞെടുപ്പ് കമ്മീഷൻ കാണിച്ചില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് നേരത്തെ തന്നെ പരാതിയുണ്ട്. അങ്ങനെ ഒരു അവസ്ഥയില്‍ യന്ത്രത്തിന് പ്രശ്നങ്ങളില്‍ ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പ് വരുത്തേണ്ടതായിരുന്നുവെന്നും പിണറായി പറഞ്ഞു. മുഖ്യമന്ത്രി വോട്ട് ചെയ്യേണ്ട പിണറായി ആര്‍സി അമല ബേസിക് യുപി സ്കൂളിലെ 161-ാം ബൂത്തിലും വോട്ടിംഗ് യന്ത്രം തകരാറിലായിരുന്നു. വോട്ടിങ് തുടങ്ങാനും വൈകിയിരുന്നു. കുടംബാംഗങ്ങളോടൊപ്പം എത്തിയാണ് പിണറായി വോട്ടിട്ട് മടങ്ങിയത്.

അതേ സമയം എല്‍ഡിഎഫിന് അനുകൂല തരംഗമാണ് പത്തനംതിട്ട മണ്ഡലത്തിലുള്ളതെന്നാണ് വീണ ജോര്‍ജ്ജ് വ്യക്തമാക്കിയത്. അവസാന നിമിഷവും ജനപങ്കാളിത്തവും ഇടപെടലുമുണ്ടെന്നും പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് പ്രതികരിച്ചു. വോട്ട് ചെയ്യാനെത്തിയപ്പോഴാണ് വീണയുടെ പ്രതികരണം. എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന രീതീയിലേക്ക് പത്തനംതിട്ടയിലെ കാര്യങ്ങള്‍ മാറി മറിഞ്ഞു. വര്‍ഗീയതയ്ക്കെതിരെ ജനാധിപത്യമുന്നണി മുന്നോട്ട് പോകുമ്പോള്‍ ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന് ഉറപ്പാണ് എന്നും വീണ പ്രതികരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios