എന്നാൽ പാർട്ടി നേതൃത്വത്തിന് നേരെ പൊട്ടിത്തെറിച്ചു പി ജെ ജോസഫ്. മാണിയ്ക്കും തനിക്കും ഇവിടെ രണ്ട് നീതിയാണ്. കൈപ്പത്തി ചിഹ്നത്തിൽ തനിക്ക് മത്സരിക്കാനാകില്ല. 

തൊടുപുഴ: ഇടുക്കിയിൽ നിന്ന് മത്സരിക്കുമെന്ന നിലപാടിൽ നിന്ന് പിൻമാറി കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ്. കോൺഗ്രസ് സ്ഥാനാ‍ർഥിപ്പട്ടിക പ്രഖ്യാപിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് പി ജെ ജോസഫ് സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറിയത്. കീഴടങ്ങിയെന്ന സൂചന നൽകിയപ്പോഴും ജോസഫ് പാർട്ടി നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചു, അതൃപ്തി തുറന്നു പറയുകയും ചെയ്തു.

തനിക്കും ജോസ് കെ മാണിക്കും കേരളാ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ഇരട്ടനീതിയാണ് കിട്ടിയതെന്ന് ജോസഫ് തുറന്നടിച്ചു. പ്രാദേശികവാദം ഉന്നയിച്ച് തന്നെ സ്ഥാനാർഥിത്വത്തിൽ നിന്ന് മാറ്റി നിർത്തി. ഇതിൽ അമര്‍ഷമുണ്ട്. ഇടുക്കിയിൽ കോൺഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിയാകാമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ പിൻമാറുകയാണെന്ന് പിജെ ജോസഫ് വിശദീകരിച്ചു.

കോട്ടയത്ത് തോമസ് ചാഴിക്കാടൻ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായതിനാൽ ആ സ്ഥാനാർഥിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ മുഴുവൻ വിജയത്തിന് വേണ്ടി കൂടെ ഉണ്ടാകുമെന്നും പി ജെ ജോസഫ് പറഞ്ഞു. അതേസമയം പാര്‍ട്ടിക്ക് അകത്ത് നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും തൊടുപുഴയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പിജെ ജോസഫ് ആവര്‍ത്തിക്കുന്നുണ്ട്.

എന്നാൽ പാർട്ടി നേതൃത്വത്തിനോടുള്ള അതൃപ്തി ഒട്ടും മറച്ചു വയ്ക്കാതെയാണ് ജോസഫിന്‍റെ വാർത്താ സമ്മേളനം. കേരളാ കോൺഗ്രസിന്‍റെ പാർലമെന്‍ററി പാർട്ടി യോഗത്തിൽ സ്ഥാനാർത്ഥിയായി തന്‍റെ പേര് മാത്രമാണ് ഉണ്ടായിരുന്നതെന്നും പി ജെ ജോസഫ് പറയുന്നു. വർക്കിംഗ് ചെയർമാനായ തന്‍റെ ആവശ്യം ലളിതമായി പരിഗണിക്കുമെന്നാണ് കരുതിയത്. എന്നാൽ ജില്ല മാറി മത്സരിച്ചാൽ പ്രശ്നമാണെന്നും ജയസാധ്യത കുറയുമെന്നുമാണ് മാണി തന്നെ വിളിച്ചു പറഞ്ഞത്. ഇത്തരം പ്രാദേശികവാദം ഉയർത്തി തന്നെ മനഃപൂർവം മാറ്റി നിർത്തിയതാണ്. - ജോസഫ് ആരോപിച്ചു.

പ്രശ്നപരിഹാരത്തിനിടപെട്ട കോൺഗ്രസ് നേതൃത്വത്തിനോടുള്ള അതൃപ്തിയും ജോസഫ് മറച്ചുവച്ചില്ല. ഇടുക്കിയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കാമെന്ന നിർദേശം വന്നു. എന്നാൽ ഇതിനായി കോൺഗ്രസ് മുന്നോട്ടു വച്ച വ്യവസ്ഥകൾ അംഗീകരിക്കാനാകാത്തതാണ്. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാമെന്നാണ് കോൺഗ്രസ് മുന്നോട്ടു വച്ച നിർദേശം. കേരളാ കോൺഗ്രസുകാരനായ തനിക്ക് ഈ ആവശ്യം ഒരു കാരണവശാലും അംഗീകരിക്കാനാകാത്തതാണ്. കേരളാ കോൺഗ്രസിന്‍റെ താത്പര്യം മുൻനിർത്തി ഈ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനിച്ചതെന്നും ജോസഫ് പറഞ്ഞു.

കേരളാ കോൺഗ്രസിൽ ഉൾപാർട്ടി ജനാധിപത്യത്തിനായി പോരാടുമെന്നാണ് ജോസഫ് വ്യക്തമാക്കുന്നത്. പാർട്ടിക്കുള്ളിൽ വെട്ടിനിരത്തലുകൾ ഇനി അനുവദിക്കില്ല. പാർട്ടിക്ക് അകത്ത് അട്ടിമറിക്കപ്പെട്ടവരുടെ പേരുകൾ ഇപ്പോൾ താൻ തുറന്ന് പറയുന്നത്. - ജോസഫ് പറഞ്ഞു.

കേരളാ കോൺഗ്രസിൽ പിളർപ്പില്ല

കേരളാ കോൺഗ്രസിൽ പിളർപ്പുണ്ടാകില്ലെന്ന് ജോസഫ് വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ നിന്ന് പോരാടും. ആഭ്യന്തരജനാധിപത്യം സംരക്ഷിക്കാൻ പാർട്ടിക്കുള്ളിൽ പോരാട്ടം ശക്തമാക്കുമെന്നും ജോസഫ് പറയുന്നു.