ദില്ലിയിലെ ആഢംബരത്തിന്‍റെയും സമ്പന്നതയുടെയും പ്രതീകമായ ഖാന്‍ മാര്‍ക്കറ്റ് പരാമർശിച്ചാണ് മോദിയുടെ പ്രസ്താവന. ഷോപ്പിങിനും ഫാഷനും ആഡംബര ഭക്ഷണശാലകൾക്കും പേരുകേട്ട ഇടം. ദില്ലി അധികാരത്തിനോട് ചേർന്ന് നില്ക്കുന്നവരാണ് ഈ വ്യാപാര കേന്ദ്രത്തിലെ സന്ദർശകർ
ദില്ലി: തെരഞ്ഞെടുപ്പ് അവസാനലാപ്പിലേക്ക് കടക്കുമ്പോൾ ദില്ലിയിലെ അധികാര സംഘത്തിന് പുറത്തുള്ള വ്യക്തിയാണ് താനെന്ന് വീണ്ടും അവകാശപ്പെട്ട് നരേന്ദ്ര മോദി. ദില്ലിയിലെ ഖാൻ മാർക്കറ്റ് സംഘമല്ല തന്നെ സൃഷ്ടിച്ചതെന്ന് മോദി ഒരഭിമുഖത്തിൽ പറഞ്ഞു. തുക്ക്ഡെ തുക്ക്ഡെ ഗാംങ് എന്ന പദപ്രയോഗത്തിന് ശേഷം, തെരഞ്ഞെടുപ്പാവേശം അവസാന ലാപ്പിലേക്ക് അടുക്കവേ ഖാന്‍ മാര്‍ക്കറ്റ് ഗ്യാംങ് എന്ന പുതിയ പ്രയോഗവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി മോദി.
എന്നെ സൃഷ്ടിച്ചത് ദില്ലിയിലെ ഖാൻ മാർക്കറ്റ് ഗ്യാംഗല്ല. നാല്‍പത്തിയഞ്ച് വർഷത്തെ തപസ്യയാണ്. ഇത് തകർക്കാൻ ആർക്കും കഴിയില്ല. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തിൽ മോദി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് പ്രതിച്ഛായ നിർമ്മിച്ചു നല്കിയത് ഖാൻ മാര്‍ക്കറ്റ് ഗ്യാങാണെന്നും മോദി അഞ്ഞടിച്ചു. ദില്ലിയിലെ ആഢംബരത്തിന്‍റെയും സമ്പന്നതയുടെയും പ്രതീകമായ ഖാന്‍ മാര്‍ക്കറ്റ് പരാമർശിച്ചാണ് മോദിയുടെ പ്രസ്താവന. ഷോപ്പിങിനും ഫാഷനും ആഡംബര ഭക്ഷണശാലകൾക്കും പേരുകേട്ട ഇടം. ദില്ലി അധികാരത്തിനോട് ചേർന്ന് നില്ക്കുന്നവരാണ് ഈ വ്യാപാര കേന്ദ്രത്തിലെ സന്ദർശകർ.
തനിക്കെതിരെ നില്ക്കുന്ന ബുദ്ധിജീവികളെയും മാധ്യമപ്രവർത്തകരെയും ലക്ഷ്യമാക്കിയാണ് മോദിയുടെ പ്രയോഗമെന്ന് വ്യക്തം. ഒപ്പം അധികാര സംവിധാനത്തിന് അന്യനായ സാധാരണക്കാരനെന്ന അവകാശവാദവും. രണ്ടായിരത്തി പതിനാലിൽ ലട്ട്യൻസ് ദില്ലിയുടെ ഉപജാപങ്ങൾക്ക് പുറത്തുള്ള വ്യക്തിയാണ് താനെന്ന് മോദി അവകാശപ്പെട്ടിരുന്നു. വിമർശകരെ വരേണ്യവർഗ്ഗ പ്രതിനിധികളായി ചിത്രീകരിക്കാൻ ഇപ്പോൾ ഖാൻമാർക്കറ്റ് ഗ്യാംഗ് എന്ന പ്രയോഗവും.
