കൊൽക്കത്ത: ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ വിമർശനമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലളിതമായ മൂല്യങ്ങളുള്ള സ്ത്രീയാണ് മമതയെന്നാണ് താൻ ആദ്യം കരുതിയിരുന്നുന്നത് എന്നാൽ, അത് തന്റെ തെറ്റിദ്ധാരണ മാത്രമായിരുന്നുവെന്നും മോദി പറഞ്ഞു. പശ്ചിമ ബം​ഗാളിലെ തെക്കന്‍ ദിനാജ്പൂരിലെ ബുനിയാദ്പൂരില്‍ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. 

'നിങ്ങൾ നിങ്ങളുടെ സ്പീഡ് ബ്രേക്കർ ദീദിയെ വിശ്വസിച്ചു. പക്ഷേ അവർ നിങ്ങളെ വഞ്ചിച്ചു. അത് നിങ്ങളുടെ തെറ്റല്ല. പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നതിന് മുമ്പ് ഞാനും കരുതിയത് അവർ ലാളിത്യത്തിന്റെ പ്രതീകമാണെന്നാണ്. പ്രധാനമന്ത്രി ആയതിനു ശേഷം അവരെ കുറിച്ച് കൂടുതൽ ഞാൻ അറിഞ്ഞു. ബം​ഗാളിൽ ഇന്നവർ കാണിക്കുന്ന ജനവിരുദ്ധ നയങ്ങൾ കാണുമ്പോൾ ലജ്ജ കാരണം ഞാൻ തലകുനിക്കുകയാണ്. എനിക്ക് തെറ്റുപറ്റി; അതെന്റെ തെറ്റായിരുന്നു'- മോദി പറഞ്ഞു.

ബം​ഗാളിൽ ആദ്യ രണ്ടുഘട്ട വോട്ടെടുപ്പുകൾ കഴിഞ്ഞുവന്ന റിപ്പോർട്ടുകൾ മമതയ്ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിച്ചിരിക്കുന്നതെന്നും മോദി പരിഹാസ്യേന പറഞ്ഞു. മെയ് 23ന് ശേഷം ബം​ഗാളിൽ മാറ്റങ്ങൾ സംഭവിക്കുമെന്ന് പറയാൻ ആ​ഗ്രഹിക്കുന്നുവെന്നും തനിക്ക് ബം​ഗാൾ കൂടുതൽ ശക്തി നൽകുമെന്ന് ഉറപ്പാണെന്നും മോദി പറഞ്ഞു.

ബാലാകോട്ട് വ്യോമാക്രമണത്തിനു പിന്നാലെ മമത സ്വീകരിച്ച നിലപാടിനേയും മോദി ചോദ്യം ചെയ്തു. മമത ആക്രമണത്തിന്റെയും ജവാന്മാരുടെയും വിശ്വാസ്യതയെ ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് അവർ നാരാദ, ശാരദ തട്ടിപ്പുകളില്‍ തെളിവ് ചോദിക്കാത്തത്. ആരോപണ വിധേയരായവർക്കെതിരെ നടപടി എടുക്കുന്നതിനുപകരം അവരെ എംപിമാരാക്കിയെന്നും മോദി പറഞ്ഞു.