രാജ്യത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മോദിക്ക് ഒരറിവും ഇല്ലെന്നും പകരം വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നതിനാണ് അദ്ദേഹം സമയം ചെലവഴിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശരാജ്യ സന്ദർശനങ്ങളെ രൂക്ഷമായി വിമർശിച്ച് കിഴക്കൻ യുപിയുടെ ചുമതലയുള്ള കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മോദിക്ക് ഒരറിവും ഇല്ലെന്നും പകരം വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നതിനാണ് അദ്ദേഹം സമയം ചെലവഴിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

മോദിയുടെ പദ്ധതികൾ ഒരിക്കലും സമൂഹത്തിലെ അടിത്തട്ടിലുള്ളവരുമായി ബന്ധപ്പെട്ടുള്ളതല്ല. നിങ്ങളുടെ പാദം ഒരിക്കലും ഇന്ത്യൻ മണ്ണിൽ കുത്തിയിട്ടില്ല. നിങ്ങൾ അമേരിക്കയിലും ജപ്പാനിലും പോയി. ജപ്പാനിൽ നിങ്ങൾ ഡ്രം കൊട്ടി, പാകിസ്ഥാനിൽനിന്ന് നിങ്ങൾ ബിരിയാണി കഴിച്ചു. നിങ്ങൾ പറക്കുകയാണ്, പ്രിയങ്ക പറ‍ഞ്ഞു. 

കേന്ദ്ര സർക്കാരിന് ജനങ്ങളുടെ ശബ്ദം കേൾക്കണമെന്നില്ല. സർക്കാരിന് അവരുടെ മൗനമാണ് ആവശ്യം. അതൊരിക്കലും ഒരു രാജ്യസ്നേഹിയായ സർക്കാരിന് ഇണങ്ങുന്നതല്ല. തൊഴിലില്ലായ്മയും കാർഷിക മേഖലയിലെ പ്രതിസന്ധിയുമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടേണ്ട യഥാർത്ഥ പ്രശ്നങ്ങളെന്നും പ്രിയങ്ക പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ന്യായ് പദ്ധതിക്കെതിരെ ബിജെപി ഉന്നയിച്ച അവകാശ വാദങ്ങൾക്കെതിരെ പ്രിയങ്ക ആഞ്ഞടിച്ചു. സർക്കാർ പറയുന്നത് ശരിയാണ്. ന്യായം ഒരിക്കലും ജനങ്ങളിൽ എത്തില്ല. ഉദാസീനമായും നിഷേധാത്മകമായും മറുപടി നൽകുന്ന സർക്കാറിനെ ജനങ്ങൾക്ക് ഇപ്പോൾ പിടികിട്ടിയുണ്ട്, പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്ക് വർഷം 72000 രൂപ വീതം നൽകുന്ന ന്യായ് പദ്ധതി ജനങ്ങളിൽ എത്തില്ലെന്നായിരുന്നു ബിജെപിയുടെ വാദം. 

മോദി സർക്കാർ അധികാരത്തിൽ വന്നാൽ എല്ലാം ചെയ്യുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് വരെ ജനങ്ങൾക്കൊരു പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ 
മോദി സർക്കാർ ജനങ്ങൾക്ക് നൽകിയ എല്ലാ വാ​ഗ്ദാനങ്ങളും തകർക്കുകയാണ് ചെയ്തത്. വോട്ടർമാരുമായുള്ള സർക്കാരിന്റെ ബന്ധം തകർന്നു. ജനങ്ങളുടെ യഥാർത്ഥ പ്രശ്നം അറിയാതെയാണ് സർക്കാർ പദ്ധതികൾ അവതരിപ്പിക്കുന്നത്. 

കർഷകരുടെ അക്കൗണ്ടിലേക്ക് 6000 രൂപ നേരിട്ട് നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയെയും പ്രിയങ്ക രൂക്ഷമായി വിമർശിച്ചു. അഞ്ച് വർഷമായി നിങ്ങൾ കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. എന്നിട്ട് തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് ദിനംപ്രതി കർഷകർക്ക് രണ്ട് രൂപ നൽകുന്ന പുതിയൊരു പദ്ധതിയുമായി വന്നിരിക്കുകയാണ്. ഇത് കർഷകർക്ക് നൽകുന്ന ഏറ്റവും മികച്ച ആനുകൂല്യമല്ല. നിങ്ങൾക്കിപ്പോഴും കർഷകരുടെ യഥാർത്ഥ പ്രശ്നം എന്താണെന്ന് മനസ്സിലായിട്ടില്ലെന്നും പ്രിയങ്ക ​ഗാന്ധി പറ‍‌ഞ്ഞു.