ലാത്തൂർ, മഹാരാഷ്ട്ര: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിൻറെ ആദ്യഘട്ട  പരസ്യപ്രചാരണം ഇന്നവസാനിക്കെ ആദായ നികുതി റെയ്ഡ് നരേന്ദ്ര മോദി ആയുധമാക്കുന്നു. നോട്ടുകെട്ടുകൾ പിടിച്ചതോടെ യഥാർത്ഥ കള്ളൻമാർ ആരെന്ന് വ്യക്തമായല്ലോ - എന്നാണ് പ്രധാനമന്തി ചോദിക്കുന്നത്. ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയ്ക്കൊപ്പമാണ് മഹാരാഷ്ട്രയിലെ ലാത്തൂരിൽ മോദി റാലിയിൽ പങ്കെടുത്തത്.  മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും മറ്റന്നാൾ പൂർത്തിയാകും.

ദേശസുരക്ഷയ്ക്കൊപ്പം മധ്യപ്രദേശിൽ കമൽനാഥിന്‍റെ അനുയായികളുടെ വീട്ടിൽ നിന്ന് പണം പിടിച്ചതാണ് പ്രധാനമന്ത്രി പ്രധാനമായും ആയുധമാക്കുന്നത്. ''കോൺഗ്രസിന്‍റെ നേതാക്കളുടെ വീട്ടിൽ നിന്ന് കെട്ടുകെട്ടായി നോട്ടുകൾ പുറത്ത് വന്നത് കണ്ടില്ലേ? നോട്ട് കൊടുത്ത് വോട്ട് വാങ്ങുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ്. ആറ് മാസമായി 'ചൗകീദാർ ചോർ ഹേ' എന്നാണിവ‍ർ പറയുന്നത്. എന്നാലീ നോട്ടുകൾ എവിടെ നിന്നാണ് വരുന്നത്? ആരാണ് ശരിക്കുള്ള കള്ളനെന്ന് മനസ്സിലായില്ലേ?'' മോദി ചോദിക്കുന്നു. 

തീവ്രവാദികളുടെ വീട്ടിൽ കയറി കൊല്ലുന്ന പുതിയ ഇന്ത്യയാണ് ഇവിടെയുള്ളതെന്നും മോദി പറയുന്നു. കോൺഗ്രസിന്‍റെ പ്രകടനപത്രിക ഭീകരവാദികളെ സഹായിക്കുന്നതാണെന്നാണ് മോദിയുടെ ആരോപണം. 

തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകൾ ആദ്യ ഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് പോകും. പശ്ചിമ ഉത്തർപ്രദേശിലെ എട്ടു മണ്ഡലങ്ങളിലെ വോട്ടെടുപ്പ് കാറ്റ് എങ്ങോട്ടെന്ന സൂചന നല്കും. ആസമിലും ഒഡീഷയിലും മഹാരാഷ്ട്രയിലും ആദ്യ ഘട്ട വോട്ടെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. പശ്ചിമബംഗാളിൽ രണ്ടെണ്ണത്തിലും ബീഹാറിലെ അഞ്ചു സീറ്റുകളിലും ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് ഉണ്ട്. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം എന്നീ മൂന്നു നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ആദ്യ ഘട്ടത്തിൽ പൂർത്തിയാകും.

പ്രിയങ്കാ ഗാന്ധി പശ്ചിമ യുപിയിൽ ഇന്ന് റോഡ് ഷോയ്ക്കെത്തിയപ്പോൾ രാഹുൽ ഗാന്ധി അസമിലെ പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തു. ആദ്യ ഘട്ട വോട്ടെടുപ്പിന് മുമ്പ് പുറത്ത് വന്ന സർവ്വെകൾ നരേന്ദ്ര മോദി അധികാരത്തിൽ തിരിച്ചെത്തും എന്ന സൂചനയാണ് നല്കുന്നത്. ടൈംസ് നൗ എൻഡിഎയ്ക്ക് 279 സീറ്റും, ന്യൂസ് എക്സ് 299 സീറ്റും, സിഎസ്‍ഡിഎസ് - ദി ഹിന്ദു സർവ്വെ 263 മുതൽ 283 വരെ സീറ്റും എൻഡിഎയ്ക്ക് പ്രവചിക്കുന്നു. എന്നാൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ല എന്ന് തന്നെയാണ് എല്ലാ സർവെകളും നൽകുന്ന സൂചന.