ദേശീയതയെയും രാജ്യസ്‌നേഹത്തെയും അപമാനിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ പാകിസ്‌താന്റെ അതേ സ്വരത്തിലാണ്‌ സംസാരിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.

ബരാക്‌പൂര്‌: ദേശീയതയും രാജ്യസ്‌നേഹവും രാജ്യത്ത്‌ അപമാനിക്കപ്പെടുകയാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയം കളിക്കുന്ന ചില രാഷ്ട്രീയപാര്‍ട്ടികളാണ്‌ ഇതിന്‌ പിന്നിലെന്നും മോദി ആരോപിച്ചു.

നേതാജി സുഭാഷ്‌ ചന്ദ്രബോസിനെപ്പോലെയുള്ള സ്വാതന്ത്ര്യസമരസേനാനികളുടെ രാജ്യത്തിന്‌ വേണ്ടി ചെയ്‌ത ത്യാഗം മനസ്സിലാകാത്തവരാണ്‌ ഇപ്പോള്‍ സൈന്യത്തിന്റെ വീര്യത്തെ ചോദ്യം ചെയ്യുന്നതെന്ന്‌ ബലാകോട്ട്‌ ആക്രമണം പരാമര്‍ശിച്ച്‌ മോദി പറഞ്ഞു. ദേശീയതയെയും രാജ്യസ്‌നേഹത്തെയും അപമാനിക്കാനുള്ള പ്രവണത ഇപ്പോള്‍ രാജ്യത്ത്‌ കൂടിവരികയാണ്‌. നേതാജിയുടെയും സൈന്യത്തിന്റെയും സംഭാവനകളെ മതിക്കുന്നവരാണ്‌ ബിജെപി. എന്നാല്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും പോലെയുള്ള പാര്‍ട്ടികള്‍ അങ്ങനെയല്ല. അവരിപ്പോള്‍ സൈന്യത്തിന്റെ ധീരതയെയും ശൗര്യത്തെയും ചോദ്യം ചെയ്യുകയാണെന്നും മോദി ആരോപിച്ചു.

പശ്ചിമബംഗാളിലെ ബരാക്‌പൂരില്‍ തെരഞ്ഞെടുപ്പ്‌ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ദേശീയതയെയും രാജ്യസ്‌നേഹത്തെയും അപമാനിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ പാകിസ്‌താന്റെ അതേ സ്വരത്തിലാണ്‌ സംസാരിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.