കൈക്കുഞ്ഞുമായി വടകരയിലെ പോളിംഗ് ബൂത്തിലെത്തിയ യുവതിക്ക് താങ്ങും തണലുമായ പൊലീസുകാരനെ ഏവരും അഭിനന്ദിക്കുകയാണ്

വടകര: വീറും വാശിയും നിറഞ്ഞു നില്‍ക്കുന്ന തെരഞ്ഞെടുപ്പാണ് കേരളത്തിലെ എല്ലാ ലോക് സഭാ മണ്ഡലങ്ങളിലും നടക്കുന്നത്. വടകരയിലെ പോരിന് വീറും വാശിയും കുറച്ച് കൂടുതലാണ്. പ്രായമായരെയും വൈകല്യമുള്ളവരെയും ബൂത്തിലെത്തിക്കാനുള്ള പെടാപാടിലാണ് മുന്നണികളും പ്രവര്‍ത്തകരും. ആരോരുമില്ലാത്തവര്‍ക്ക് പോളിംഗ് ബുത്തിലെത്താനുള്ള സൗകര്യമൊരുക്കുന്ന നല്ല മനുഷ്യരുടെ കാഴ്ചയും വോട്ടെടുപ്പിനിടെ കാണാം. അതിനിടയിലാണ് പോളിംഗ് ബൂത്തിന് മുന്നിലെ നന്മയുടെ കാഴ്ചകളിലൊന്നായ പൊലീസുകാരന്‍റെ ചിത്രം സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുന്നത്.

കൈക്കുഞ്ഞുമായി വടകരയിലെ പോളിംഗ് ബൂത്തിലെത്തിയ യുവതിക്ക് താങ്ങും തണലുമായ പൊലീസുകാരനെ ഏവരും അഭിനന്ദിക്കുകയാണ്. അമ്മ വോട്ട് ചെയ്യാന്‍ പോയപ്പോള്‍ കൈകുഞ്ഞിനെ സുരക്ഷിതമായി നോക്കിയത് ഈ പൊലീസുകാരനായിരുന്നു. കേരള പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വടകരയിലെ വള്ള്യാട്ട് 115 ാം ബൂത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് കാഴ്ച എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.