തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ.ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയായ ഇലക്ഷൻ എക്സ്പ്രസിലാണ് ടിക്കാറാം മീണ നിലപാട് വ്യക്തമാക്കിയത്.  

ശബരമല മതപരമായ വിഷയമാണ്. ദൈവത്തിന്‍റെയും ജാതിയുടെയും പേരിൽ വോട്ട് നേടാൻ ശ്രമിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണ്. അതിനാൽ അയ്യപ്പന്‍റെ പേരിൽ രാഷ്ട്രീയ പാർട്ടികൾ വോട്ട് നേടാൻ ശ്രമിക്കരുതെന്നും ടിക്കാറാം മീണ ഇലക്ഷൻ എക്സ്പ്രസിൽ പറഞ്ഞു.

സർവ്വകക്ഷി യോഗത്തിൽ 'ഞാനാണ് ബോസ്' എന്ന ടിക്കാറാം മീണയുടെ വാക്കുകൾ രാഷ്ട്രീയ പാർട്ടികളിൽ വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. എന്നാൽ അന്നത്തെ നിലപാട് ആവർത്തിച്ച ടിക്കാറാം മീണ തെരഞ്ഞെടുപ്പ് കഴിയും വരെ താൻ തന്നെയാണ് ബോസ് എന്ന് ആവർത്തിച്ചു. 

 ഫ്ലക്സുകൾ നിരോധിച്ചുകൊണ്ടുള്ള കോടതി വിധി ചരിത്രപ്രാധാന്യമുള്ളതാണ്.ഫ്ലക്സുകൾ ഉപയോഗിക്കരുതെന്ന് നേരേത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ അവസരത്തിൽ തന്നെ കോടതി വിധി വന്നത് ഫ്സക്സ് നിരോധിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നീക്കങ്ങൾക്ക് കരുത്തേകും. വിധി ലംഘിക്കുന്നില്ലെന്ന് കൾശനമായി ഉറപ്പാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.