പത്ത് പതിനഞ്ച് കൊല്ലം മുന്‍പ് ബീഹാറില്‍ എന്താണോ നടന്നത് ആതാണ് ഇപ്പോള്‍ ബംഗാളിലെ അവസ്ഥ. പിന്നീട് ബീഹാറിലെ പാര്‍ട്ടികളും, ജനങ്ങളും ഇത്തരം അവസ്ഥ ഉണ്ടാകാരുതെന്ന് ചിന്തിച്ചു

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടന്ന ആക്രമണങ്ങളുടെ പേരില്‍ കനത്ത വിമര്‍ശനവുമായി ബംഗാളിലെ പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷകന്‍. പതിനഞ്ച് കൊല്ലം മുന്‍പ് ബീഹാറില്‍ നടക്കുന്ന രീതിയിലുള്ള ആക്രമണങ്ങളാണ് ബംഗളില്‍ നടക്കുന്നത് എന്നാണ് പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ അജയ് നായിക്ക് പറയുന്നത്. ജനങ്ങള്‍ക്ക് പൊലീസില്‍ ഒരു വിശ്വസവും ഇല്ലെന്നാണ് ഇദ്ദേഹം പറയുന്നത്. തെര‌ഞ്ഞെടുപ്പ് നിരീക്ഷകന്‍റെ കടുത്ത വിമര്‍ശനത്തിന് പിന്നാലെ മാള്‍ഡയിലെ പൊലീസ് സൂപ്രണ്ട് അര്‍നാബ് ഗോഷിനെ മാറ്റി. ഒപ്പം ആറോളം പൊലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ജോലികളില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്.

പത്ത് പതിനഞ്ച് കൊല്ലം മുന്‍പ് ബീഹാറില്‍ എന്താണോ നടന്നത് ആതാണ് ഇപ്പോള്‍ ബംഗാളിലെ അവസ്ഥ. പിന്നീട് ബീഹാറിലെ പാര്‍ട്ടികളും, ജനങ്ങളും ഇത്തരം അവസ്ഥ ഉണ്ടാകാരുതെന്ന് ചിന്തിച്ചു. അവിടെ കാര്യങ്ങള്‍ മാറി. 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അജയ് നായിക്ക് ബീഹാറിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ബംഗാളില്‍ അഞ്ച് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്‍റെ മുഖ്യ നിരീക്ഷകനാണ് ഇദ്ദേഹം. ബംഗാളില്‍ 324 കമ്പനി കേന്ദ്രസേനയെ നിയോഗിച്ചിട്ടുണ്ട്. ഇവരെ ഏപ്രില്‍ 23ന് തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലെ 92 ശതമാനം ബൂത്തുകളിലാണ് നിയോഗിച്ചിട്ടുള്ളത്. 

മൂന്നാംഘട്ടത്തിന് ആവശ്യമായ സൈന്യത്തെ ലഭിച്ചിട്ടുണ്ടെന്നാണ് മുഖ്യ നിരീക്ഷകന്‍ പറയുന്നത്. ഇപ്പോള്‍ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ നല്ല രീതിയില്‍ പോകുമെന്നാണ് പ്രതീക്ഷ. 100 ശതമാനം കേന്ദ്രസേന സാന്നിധ്യമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കേന്ദ്രസേന സുരക്ഷ ഏറ്റെടുക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കും വലിയ ആശങ്കയുണ്ടെന്ന് കരുതുന്നില്ല എന്നും നായിക് കൂട്ടിച്ചേര്‍ത്തു.

അതേ സമയം തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ നിയമനം ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് എഴുതിയിട്ടുണ്ട്.