Asianet News MalayalamAsianet News Malayalam

കേരളം ജനവിധിയെഴുതുന്നു: കൊല്ലത്ത് നിരവധി വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാറ്, മലപ്പുറത്ത് വൈദ്യുതിയില്ല

കോഴിക്കോട്ടാണ് മോക് പോളിംഗിൽ പാകപ്പിഴ കണ്ടെത്തിയത്. കൊല്ലത്തും വിവി പാറ്റ് യന്ത്രത്തിന് തകരാർ കണ്ടെത്തി. മലപ്പുറത്ത് പലയിടത്തും വൈദ്യുതിയില്ലാത്തതിനാൽ മെഴുകുതിരി വെട്ടത്തിലാണ് മോക് പോളിംഗ്. 

polling begins in kerala loksabha elections 2019
Author
Thiruvananthapuram, First Published Apr 23, 2019, 7:11 AM IST

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി. ആറ് മണിയോടെ മിക്ക ബൂത്തുകളിലും മോക് പോളിംഗ് തുടങ്ങി. അതോടൊപ്പം നിരവധി ഇടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തി. കോഴിക്കോട്ടാണ് മോക് പോളിംഗിൽ ആദ്യം പാകപ്പിഴ കണ്ടെത്തിയത്. കൊല്ലത്തും വിവി പാറ്റ് യന്ത്രത്തിന് തകരാർ കണ്ടെത്തി. മലപ്പുറത്ത് പലയിടത്തും വൈദ്യുതിയില്ലാത്തതിനാൽ മെഴുകുതിരി വെട്ടത്തിലാണ് മോക് പോളിംഗ്. 

പ്രധാനമണ്ഡലങ്ങളിൽ നിന്നുള്ള തത്സമയ വിവരങ്ങൾ ഇങ്ങനെ: 

കൊല്ലം

പരവൂർ നഗരസഭയിലെ പാറയിൽക്കാവ് വാർഡിൽ എൺപത്തി ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ പ്രവർത്തിക്കുന്നില്ല. പ്രേമചന്ദ്രൻ എന്ന പേരിന് നേരേയുള്ള ബട്ടൺ അമർത്തുമ്പോൾ പ്രവർത്തിക്കുന്നില്ല. രാവിലെ അഞ്ചര മണിയോടെ യന്ത്രത്തിൻ്റെ പരീക്ഷണ വോട്ടിംഗ് നടത്താൻ പ്രിസൈഡിംഗ് ഓഫീസർ ശ്രമിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. പത്തനാപുരം കലഞ്ഞൂർ 162-ാം ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായി. ഇവിടെയാണ് കെ എൻ ബാലഗോപാൽ വോട്ട് ചെയ്യേണ്ടത്. 

കുണ്ടറ പെരുമ്പുഴ ആലൂമൂട്  UPG സ്കൂളിലെ 86-ാം ബൂത്തിലെ വോട്ടിങ് യന്ത്രം തകരാറിലാണ്. മോക്ക് വോട്ടിങ് തടസപ്പെട്ടു. 

മലപ്പുറം

മലപ്പുറം ജില്ലയിലാണ് മോക് പോളിംഗിൽ വലിയ പ്രതിസന്ധിയുണ്ടായിരിക്കുന്നത്. ജില്ലയുടെ പല ഭാഗങ്ങളിലും വൈദ്യുതിയില്ല. മോക് പോളിംഗ് നടത്തുന്നത് മൊബൈലിന്‍റെയും മെഴുകുതിരിയുടേയും വെളിച്ചത്തിലാണ്. എന്നാൽ ഇത് പ്രതിസന്ധിയല്ലെന്നും പോളിംഗിൽ തടസ്സമുണ്ടാകില്ലെന്നുമാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. മലപ്പുറം മുണ്ടുപറമ്പിൽ 113, 109 ബൂത്തുകൾ മാറ്റി ക്രമീകരികുന്നു. മഴ മൂലം പോളിംഗ് സാമഗ്രികൾ നനഞ്ഞതിനാലാണ് ഇത്. 

കണ്ണൂർ

കണ്ണൂർ കാഞ്ഞിരക്കൊല്ലിയിൽ 149 നമ്പർ ബൂത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് തകരാർ കണ്ടെത്തി. ബട്ടൻ അമർത്താനാവുന്നില്ല. ഇവിടെ പകരം യന്ത്രം എത്തിക്കാൻ ശ്രമം നടക്കുകയാണ്. കണ്ണൂർ പിണറായി 151 ബൂത്തിൽ മെഷീനിൽ തകരാർ കണ്ടെത്തി.മുഖ്യമന്ത്രി വോട്ട് ചെയ്യേണ്ട പിണറായി 161-ാം ബൂത്തിൽ യന്ത്രം തകരാർ.  വോട്ടിങ് തുടങ്ങിയില്ല. 

കോഴിക്കോട്

കോഴിക്കോട്ടെ തിരുത്തിയാട് ആശ്വാസകേന്ദ്രത്തിൽ 152-ാം നമ്പർ ബൂത്തിൽ വിവിപാറ്റ് യന്ത്രത്തിന് തകരാറുണ്ടായതിനാൽ മോക് പോളിംഗ് വൈകി. പിന്നീട് പ്രശ്നം പരിഹരിച്ചാണ് മോക് പോളിംഗ് നടത്തിയത്. ഏഴേ കാലോടെ ഇവിടെ വോട്ടെടുപ്പ് തുടങ്ങി. കുന്നമംഗലം ഹൈസ്കൂളിലെ മൂന്ന് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങളിൽ തകരാർ. വോട്ടെടുപ്പ് ഇനിയും തുടങ്ങിയിട്ടില്ല.

വടകര

നാദാപുരം മുളക്കുന്നിൽ 33-ാം നമ്പർ ബൂത്തിലും പശുക്കടവ് 34നമ്പർ ബൂത്തിലും വോട്ടിംഗ് മെഷിനിൽ തകരാർ കണ്ടെത്തി. ഇവിടെ മോക് പോളിംഗ് ഇതുവരെ തുടങ്ങിയില്ല. 

എറണാകുളം

എറണാകുളം കളക്ടറേറ്റിൽ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. ആകെ 2251 പോളിങ് സ്റ്റേഷനുകളാണ് എറണാകുളത്തുള്ളത്. എളമക്കര ഗവ.ഹൈസ്കൂൾ, കോതമംഗലം ദേവസ്വം ബോർഡ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ ബാലറ്റ് യൂണിറ്റുകളിൽ തകരാർ കണ്ടെത്തി.  ഇവ മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു. കളമശ്ശേരി ഒമ്പതാം നമ്പർ അങ്കണവാടി, പറവൂർ സെൻറ് ജോർജ്  ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിവി പാറ്റുകളിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് മാറ്റി സ്ഥാപിച്ചു. എളമക്കര ഗവ.ഹൈസ്ക്കൂളിലെ ബാലറ്റ് യൂണിറ്റിലെ തകരാർ പരിഹരിച്ചു.
കോതമംഗലം ദേവസ്വം ബോർഡ് ഹൈസ്കൂളിലെയും ബാലറ്റ് യൂണിറ്റ് മാറ്റി സ്ഥാപിച്ചു.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി വോട്ട് ചെയ്യാനെത്തിയ ബൂത്തിൽ തകരാർ കണ്ടെത്തി. അദ്ദേഹം വരിയിൽ കാത്തു നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്. 

എറണാകുളം പള്ളിപ്രം അസാസുൽ ഇസ്ലാം മദ്രസ്സയിലെ വിവി പാറ്റിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് മാറ്റി സ്ഥാപിച്ചു.

തൃശ്ശൂർ

തൃശൂർ അരിമ്പൂരിലെ പോളിങ് സ്റ്റേഷനിൽ 5 മെഷീനുകളിൽ യന്ത്ര തകരാർ കണ്ടെത്തി. മോക്ക് പോളിംഗ് വൈകുകയാണ്. തൃശൂർ കേരള വർമ്മയിലെ പോളിംഗ് ബൂത്തിലെ 2 വോട്ടിംഗ് മെഷീൻ തകരാറിലാണ്. മണ്ണുത്തി ഹോളി ഫാമിലി സ്കുളിലെ 118-ാം ബൂത്തിലെ യന്ത്രം പണി മുടക്കി. ചുവന്ന മണ്ണ് എ എൽ പി സ്ക്കൂളിലെ വോട്ടിംഗ് യന്ത്രം പ്രവർത്തിക്കുന്നില്ല.

ആലപ്പുഴ

ആലപ്പുഴ കായംകുളത്ത് 138,139 ബൂത്തുകളിലെ വോട്ടിംഗ് മെഷീൻ തകാറിലായി

ഇടുക്കി

ഇടുക്കിയിൽ നാലിടത്ത് യന്ത്രതകരാർ കണ്ടെത്തി. വെള്ളയാംകുടി 170-ാം നമ്പർ ബൂത്തിലും, ചുങ്കം 100-ാം നമ്പർ ബൂത്തിലും, കട്ടപ്പന സർക്കാർ കോളേജിലും മറയൂരിലെ ഏഴാം ബൂത്തിലും പരിശോധനക്കിടയിൽ വോട്ടിംഗ് യന്ത്രം തകരാറിലായി.കട്ടപ്പന വെള്ളയാംകുടി സെൻറ് ജെറോം സ്കൂളിലെ 170-ാം നമ്പർ ബൂത്തിൽ മോക്ക് പോളിംഗ് ആരംഭിച്ചിട്ടില്ല. വിവിപാറ്റ് തകരാറിലായതാണ് കാരണം.

പത്തനംതിട്ട

പത്തനംതിട്ട ആനപ്പാറ എൽ പി സ്കൂളിൽ വോട്ടിംഗ് യന്ത്രം തകരാറിലായതിനാൽ പുതിയ യന്ത്രം വെച്ചു. പത്തനംതിട്ടയിൽ വ്യാപകമായി വോട്ടിംഗ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തിയതായി പരാതി വരുന്നുണ്ട്. ചെന്നീർക്കര 180-ാം നമ്പർ, കലഞ്ഞൂർ 162-ാം നമ്പർ, തോട്ടപ്പുഴശ്ശേരി 55-ാം നമ്പർ, കോന്നി 155-ാം നമ്പർ , ഇലന്തൂർ 131-ാം നമ്പർ, 132--ാം നമ്പർ. കോൺഗ്രസ്സ് , ബിജെപി ചിഹ്നങ്ങളിൽ വോട്ട് വീഴുന്നില്ലെന്നാണ് പരാതി.

കാസർകോട്

കാസർകോട് 20 ബൂത്തുകളിൽ യന്ത്ര തകരാർ. ഇവിടേക്ക് പുതിയ യന്ത്രങ്ങൾ എത്തിച്ചു തുടങ്ങി. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ 2, 3, 4 ബൂത്തുകളിൽ യന്ത്ര തകരാർ കണ്ടെത്തി.

തത്സമയസംപ്രേഷണം കാണാം: 

Follow Us:
Download App:
  • android
  • ios