അനുവാദമുള്ള സ്ഥലത്തേക്ക് താൻ കയറിയതിനാണ് തന്നെ തടഞ്ഞതെന്ന് പറഞ്ഞ് ഷാനിമോൾ ഉസ്മാൻ ബൂത്തിന് പുറത്ത് കുത്തിയിരുന്നു

കായംകുളം: കായംകുളത്ത് ഷാനിമോൾ ഉസ്മാനെ സിപിഎം പ്രവർത്തക‍ർ തടഞ്ഞു. ആറ് മണിയ്ക്ക് ശേഷം അടച്ച പോളിംങ് ബൂത്തായി പ്രവ‍ർത്തിച്ച സ്കൂളിന്‍റെ ഗേറ്റിനകത്തേക്ക് യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ മാത്രം കടത്തി വിട്ടതിലായിരുന്നു സിപിഎം പ്രവ‍ർത്തകരുടെ പ്രതിഷേധം. ഇതിനെതിരെ ഷാനിമോൾ ഉസ്മാൻ ബൂത്തിന് പുറത്ത് കുത്തിയിരുന്നു.

നൂറോളം ആളുകൾ വോട്ട് ചെയ്യാൻ കാത്തിരിക്കുന്ന പോളിംങ് ബൂത്തിലേക്കാണ് ഷാനി മോൾ വൈകിയെത്തിയത്. ആറ് മണി കഴിഞ്ഞിരുന്നതിനാൽ പൊലീസ് സ്കൂളിന്‍റെ ഗേറ്റ് അടച്ചിരുന്നു. പുതിയ ആളുകൾക്ക് ഗേറ്റിനകത്തേക്ക് കടക്കാൻ അനുവാദമുണ്ടായിരുന്നില്ല. എന്നാൽ, സ്ഥാനാ‍ർത്ഥിയായതിനാൽ ഷാനി മോൾ ഉസ്മാനെ സ്കൂളിന്‍റെ മതിലിനുള്ളിലേക്ക് കടത്തി വിടുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് പുറത്ത് സിപിഎം പ്രവ‍ർത്തകർ സംഘടിയ്ക്കുകയും ഷാനിമോൾ മതിൽക്കെട്ടിനുള്ളിൽ നിന്ന് പുറത്ത് പോകണമെന്ന് ആവശ്യം ഉന്നയിക്കുകയുമായിരുന്നു. 

ഇതേത്തുട‍ർന്ന് അനുവാദമുള്ള സ്ഥലത്തേക്ക് താൻ കയറിയതിനാണ് തന്നെ തടഞ്ഞതെന്ന് പറഞ്ഞ് ഷാനിമോൾ ഉസ്മാൻ ബൂത്തിന് പുറത്ത് കുത്തിയിരിക്കുകയായിരുന്നു. കലക്ടറുടെ നി‍ർദേശപ്രകാരം കൂടുതൽ പൊലീസുകാ‍ർ സ്ഥലത്തേക്കെത്തിയിട്ടുണ്ട്.