Asianet News MalayalamAsianet News Malayalam

കേരളത്തിൽ കനത്ത പോളിംഗ്; കൂടുതൽ കണ്ണൂരിൽ, കുറവ് തിരുവനന്തപുരത്ത്; പലയിടത്തും രാത്രിയിലും വോട്ടെടുപ്പ് തുടരുന്നു

വാശിയേറിയ പ്രചാരണത്തിന്‍റെ ആവേശം വോട്ടെടുപ്പ് ദിനത്തിലും പ്രതിഫലിച്ചപ്പോള്‍ കേരളത്തിലുണ്ടായത് കനത്ത പോളിംഗാണ്. പോളിംഗ് അവസാനിക്കേണ്ട 6 മണിക്കും പല ബൂത്തുകളിലും നൂറിലേറെ പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കാത്തുനിന്നത്.

polling percentage increase in kerala few booths casting vote still on
Author
Thiruvananthapuram, First Published Apr 23, 2019, 9:34 PM IST

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ്. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് 77.16 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 74.04 ശതമാനം ആയിരുന്നു പോളിംഗ്. പലയിടത്തും ഇപ്പോഴും വോട്ടര്‍മാര്‍ ബൂത്തുകളില്‍ കാത്തുനിൽക്കുകയാണ്. ശക്തമായ ത്രികോണപ്പോരാട്ടം കണ്ട നാല് മണ്ഡലങ്ങളിലും പോളിംഗ് ശതമാനം കുത്തനെ ഉയര്‍ന്നു. 

നിലവിൽ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം കണ്ണൂരും, കുറവ് പൊന്നാനിയിലുമാണ്. കാര്യമായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. പോളിംഗിനിടെ 9 പേര്‍ കുഴഞ്ഞു വീണു മരിച്ചു. വാശിയേറിയ പ്രചാരണത്തിന്‍റെ ആവേശം വോട്ടെടുപ്പ് ദിനത്തിലും പ്രതിഫലിച്ചപ്പോള്‍ കേരളത്തിലുണ്ടായത് കനത്ത പോളിംഗാണ്. പോളിംഗ് മന്ദഗതിയിൽ നീങ്ങിയതിൽ പലയിടത്തും പ്രതിഷേധമുയര്‍ന്നു. പോളിംഗ് അവസാനിക്കേണ്ട 6 മണിക്കും പല ബൂത്തുകളിലും നൂറിലേറെ പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കാത്തുനിന്നത്.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ദേശീയ ശ്രദ്ധയിലേക്കുയര്‍ന്ന വയനാട്, പോളിംഗ് ദിനത്തിലും വിവിഐപിയായി. വൈകീട്ട് മൂന്ന് മണിക്ക് ശേഷം ബത്തേരിയിലും കൽപറ്റയിലും കനത്ത മഴ പെയ്തെങ്കിലും പോളിംഗ് ബൂത്തുകളിലേക്ക് വോട്ടര്‍മാരുടെ ഒഴുക്ക് നിലച്ചില്ല. മൂന്ന് ജില്ലകളിലായി പരന്നുകിടക്കുന്ന മണ്ഡലത്തിൽ വയനാട്ടിലെ മാനന്തവാടി, സുൽത്താന്‍ബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിലാണ് കൂടുതൽ പോളിംഗ്
രേഖപ്പെടുത്തിയത്. 

എന്നാൽ വലിയ മുന്നേറ്റം പ്രതീക്ഷിച്ച മലപ്പുറത്തെ മണ്ഡലങ്ങളില്‍ പോളിംഗ് കുറഞ്ഞത് യുഡിഎഫ് ക്യാംപുകളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയ പത്തനംതിട്ടയിൽ ഇക്കുറി ത്രികോണപ്പോരാട്ടത്തിന്‍റെ ചൂട് വോട്ടെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനമായ 65.67 നാല് മണിയോടെ പത്തനംതിട്ട മറികടന്നു.

തരൂരും കുമ്മനവും ദിവാകരനും കൊമ്പുകോര്‍ക്കുന്ന തിരുവനന്തപുരത്ത് കാടിളക്കിയുള്ള പ്രചാരണത്തിനൊടുവില്‍ കണ്ടത് റെക്കോര്‍ഡ് പോളിംഗ്. വോട്ടിംഗ് യന്ത്രത്തിലെ തകരാറിനെ ചൊല്ലിയുള്ള വിവാദം ആദ്യ മണിക്കൂറുകളില്‍ ഉദ്വേഗം ഉണര്‍ത്തിയ തലസ്ഥാനത്ത്, അ‍ഞ്ച് മണിയോടെ കഴിഞ്ഞ തവണത്തെ 68 ശതമാനത്തിന്‍റെ കണക്ക് അപ്രസക്തമായി.

തീരദേശമേഖലയിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. മൂന്ന് മുന്നണികളും വാശിയോടെ പ്രചാരണം നടത്തിയ പാലക്കാട്ടും തൃശ്ശൂരും പോളിംഗ് ശതമാനം ഉയര്‍ന്നു തന്നെ നിന്നു. കഴിഞ്ഞ തവണ 80 ശതമാനം കടന്ന കണ്ണൂര്‍, വടകര മണ്ഡലങ്ങളില്‍ ഇക്കുറിയും വോട്ടര്‍മാര്‍ കൂട്ടമായി ബൂത്തുകളിലെത്തി.

മധ്യകേരളത്തിൽ ചാലക്കുടിയിലാണ് ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത്. പതിവിന് വിപരീതമായി നഗരമേഖലകളിലും ആവേശം പ്രകടമായപ്പോള്‍ എറണാകുളത്തും പോളിംഗ് ശതമാനം 70 കടന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 74.02 ശതമാനമായിരുന്നു സംസ്ഥാനത്ത് പോളിംഗ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77.35 ശതമാനവും. നിലവിലെ സാഹചര്യത്തിൽ ഇക്കുറി പോളിംഗ് ശതമാനം ഇതിലും ഉയരാന്‍ തന്നെയാണ് സാധ്യത. 
 

Follow Us:
Download App:
  • android
  • ios