ന്യൂനപക്ഷ മേഖലകളിലും തീരദേശ മേഖലകളിലും രാവിലെ മുതല്‍ തന്നെ ശക്തമായ പോളിംഗാണ് രേഖപ്പെടുത്തിയത്. മണിക്കൂറുകളോളം ക്ഷമയോടെ കാത്തുനിന്ന് വോട്ടുചെയ്തത് മോദി ഭരണത്തിന് എതിരാണെന്ന വിലയിരുത്തലിലാണ് ഇരുമുന്നണികളും

ആലപ്പുഴ: ആലപ്പുഴയില്‍ മത ന്യൂനപക്ഷ മേഖലകളിലും തീരദേശത്തുമാണ് കനത്ത പോളിംഗ് രേഖപ്പെടുത്തിയത്. ഇത് ഷാനിമോള്‍ക്ക് അനുകൂലമാകുമെന്നും ഒരു വിഭാഗം പരമ്പരാഗത സിപിഎം വോട്ടുകളില്‍ വിള്ളലുണ്ടായെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. എല്‍ഡിഎഫിന് കിട്ടേണ്ട വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യിപ്പിക്കാന്‍ കഴിഞ്ഞെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം.

ആലപ്പുഴയിലെ പോളിംഗ് ഇത്തവണ എണ്‍പത് ശതമാനം കടന്നു. കഴിഞ്ഞ ലോക് സഭാ തെരെഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഒരു ശതമാനത്തിലേറെ വോട്ടിന്‍റെ വര്‍ദ്ധനയാണുണ്ടായത്. ന്യൂനപക്ഷ മേഖലകളിലും തീരദേശ മേഖലകളിലും രാവിലെ മുതല്‍ തന്നെ ശക്തമായ പോളിംഗാണ് രേഖപ്പെടുത്തിയത്. മണിക്കൂറുകളോളം ക്ഷമയോടെ കാത്തുനിന്ന് വോട്ടുചെയ്തത് മോദി ഭരണത്തിന് എതിരാണെന്ന വിലയിരുത്തലിലാണ് ഇരുമുന്നണികളും. മോദിക്കെതിരായ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. 

അടിയുറച്ച സിപിഎം വോട്ടുകള്‍ പോലും തങ്ങള്‍ക്ക് ശബരിമല വിഷയത്തിലൂടെ കിട്ടിയെന്ന് യുഡിഎഫും എന്‍ഡിഎയും അവകാശപ്പെടുന്നു. പൊതുവില്‍ വോട്ടിംഗ് ശതമാനം കൂടിയെങ്കിലും അത് എല്‍ഡിഎഫ് സ്വാധീന ബൂത്തുകളില്‍ കാണാനില്ല. സാധാരണ ബൂത്തില്‍ തിരക്കൊഴിഞ്ഞ് വൈകീട്ട് വന്ന് വോട്ട് ചെയ്ത് പോകുന്ന മുസ്ലീം സ്ത്രീകളില്‍ വലിയൊരു വിഭാഗം രാവിലെ തന്നെ വരി നിന്ന് പത്തുമണിക്ക് മുമ്പ് വോട്ട് ചെയ്ത് പോകുന്ന ചിത്രവും ആലപ്പുഴയില്‍ കണ്ടു. ഇത് തങ്ങള്‍ക്കനുമാണെന്ന് ഇരുമുന്നണികളും പറയുന്നു. 

ആലപ്പുഴയില്‍ മല്‍സരിച്ച എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ന്യൂനപക്ഷത്തില്‍പ്പെട്ടവരായതുകൊണ്ടും ശബരിമല വിഷയം നിലനില്‍ക്കുന്നതുകൊണ്ടും കഴിഞ്ഞ ലോക് സഭാ തെര‍ഞ്ഞെടുപ്പില്‍ കിട്ടിയതിന്‍റെ ഇരട്ടി വോട്ടെങ്കിലും നേടി ഒരു ലക്ഷം കടക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎയുള്ളത്. എന്തോ മനസ്സില്‍ കരുതിത്തന്നെ ആലപ്പുഴയില്‍ വോട്ടര്‍മാര്‍ ആവേശത്തോടെ വോട്ട് ചെയ്തിട്ടുണ്ട്. ഇത് ആര്‍‍ക്കാവും അനുകൂലം എന്ന കൂട്ടിക്കുറയ്ക്കലുകള്‍ ഇരുമുന്നണികളും തുടങ്ങിക്കഴിഞ്ഞു.