Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയിൽ കനത്ത പോളിംഗ്; സാമുദായിക വോട്ടുകളുടെ ഏകീകരണമെന്ന് വിലയിരുത്തൽ

ഹിന്ദു ഭൂരിപക്ഷ മേഖലകളിലും ന്യൂനപക്ഷ കേന്ദ്രങ്ങളിലും ഉണ്ടായ ശക്തമായ പോളിംഗിൽ പ്രതീക്ഷയിലും ആശങ്കയിലുമാണ് മുന്നണികൾ

polling rate increased, triangle fight in pathanamthitta
Author
Pathanamthitta, First Published Apr 24, 2019, 6:29 PM IST

പത്തനംതിട്ട: പത്തനംതിട്ടയിൽ പതിമൂന്നേമുക്കാൽ ലക്ഷം വോട്ടർമാരിൽ പത്ത് ലക്ഷത്തിലേറെപ്പേർ വോട്ട് ചെയ്തു. സാമുദായിക വോട്ടുകളുടെ ഏകീകരണ സൂചനയാണ് കുതിച്ചുയർന്ന പോളിംഗ് നൽകുന്നത്. ഹിന്ദു ഭൂരിപക്ഷ മേഖലകളിലും ന്യൂനപക്ഷ കേന്ദ്രങ്ങളിലും ഉണ്ടായ ശക്തമായ പോളിംഗിൽ പ്രതീക്ഷയിലും ആശങ്കയിലുമാണ് മുന്നണികൾ.

ശക്തമായ ത്രികോണപ്പോരിൽ ജയം ഉറപ്പാക്കാൻ മൂന്നര ലക്ഷത്തിലേറെ വോട്ട് നേടണം. ശബരിമല വലിയ ചർച്ചയായ മണ്ഡലത്തിൽ ഹിന്ദു വിഭാഗങ്ങളുടെ ശക്തികേന്ദ്രങ്ങളായ ആറന്മുളയിലും കോന്നിയിലും അടൂരിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. സമാന രീതിയിൽ ക്രൈസ്തവ മേഖലകളായ കാാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും കണ്ടതും ശക്തമായ പോളിംഗാണ്. രാഹുൽ ഫാക്ടറും ബിജെപി വിരോധവും വഴി ന്യൂനപക്ഷ വോട്ട് യുഡിഎഫിന് അനുകൂലമായി ഏകീകരിച്ചെന്നാണ് ആന്‍റോ ക്യാമ്പിന്‍റെ വിലയിരുത്തൽ. ഒപ്പം ഹൈന്ദവ വോട്ടുകളിൽ നിശ്ചിത ശതമാനവും പ്രതീക്ഷിക്കുന്നു.

ആറന്മുളയിയിലെയും കോന്നിയിലേയും അടൂരിലേയും പാർട്ടി അനുഭാവമുള്ള ഹൈന്ദവ വോട്ട് ചോരില്ലെന്നാണ് ഇടത് കണക്ക്കൂട്ടൽ. ബിജെപിയോടുള്ള എതിർപ്പിൽ ന്യൂനപക്ഷ വോട്ട് ഏകീകരണം ഉണ്ടായത് ഓർത്തഡോക്സ് സഭാംഗമായ വീണാ ജോർജിന് അനുകൂലമായെന്നാണ് എൽഡിഎഫ് പ്രതീക്ഷ. ഹിന്ദു വോട്ട് ഏകീകരണത്തിലാണ് കെ സുരേന്ദ്രന്‍റെ മുഴുവൻ വിശ്വാസവും.

യുഡിഎഫിലെയും എൽഡിഎഫിലേയും ഹിന്ദു വോട്ടുകൾ താമരയ്ക്ക് ചോർന്നതായി ബിജെപി പറയുന്നു. പൂഞ്ഞാറിലെ ഉയർന്ന പോളിംഗിന്‍റെ ഒരു പങ്ക് പിസി ജോർജ്ജിലൂടെ സുരേന്ദ്രനും പ്രതീക്ഷിക്കുന്നു. പുരുഷന്മാരേക്കാൾ കൂടുതൽ പത്തനംതിട്ടയിൽ വോട്ട് ചെയ്തത് സ്ത്രീകളാണ്. അഞ്ചര ലക്ഷത്തോളം സ്ത്രീകളാണ് വോട്ട് രേഖപ്പെടുത്തിയത്. ചുരുക്കത്തിൽ ഉയർന്ന പോളിംഗ് ശതമാനം ഇഞ്ചോടിഞ്ച് പോരിലെ ആകാംക്ഷ പിന്നെയും കൂട്ടുകയാണ്.

Follow Us:
Download App:
  • android
  • ios