തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആലത്തൂരിലെ ലോക്സഭ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ബിജു വിജയിക്കുമെന്ന് കെെരളി ന്യൂസ്-സിഇഎസ് പോസ്റ്റ് പോള്‍ സര്‍വെ. പി കെ ബിജു വന്‍ ഭൂരിപക്ഷത്തില്‍ വിജയം നേടിയിരുന്ന ആലത്തൂരില്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസ് മികച്ച പോരാട്ടമാണ് നടത്തിയതെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്.

ആലത്തൂരില്‍ പി കെ ബിജുവിന് 42.6 ശതമാനം വോട്ട് ലഭിക്കമ്പോള്‍ രമ്യക്ക് 41.4 ശതമാനം വോട്ട് ലഭിക്കും. എന്‍‍ഡിഎയ്ക്ക് 3.7 ശതമാനം വോട്ടാണ് ലഭിക്കുക. അതേസമയം, വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ വിജയം നേടുമെന്നാണ് സര്‍വെ പറയുന്നത്.

ജയരാജന് 47.1 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സര്‍വെ പറയുന്നത്. ഒപ്പം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന് 44.5 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് 7.1 ശതമാനം വോട്ട് ലഭിക്കും. കാസര്‍കോട് മണ്ഡലത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ തോല്‍ക്കുമെന്നാണ് സര്‍വെ പറയുന്നത്.

41.7 ശതമാനം വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി  നേടുമ്പോള്‍ 40.1 ശതമാനം വോട്ടുകള്‍ യുഡിഎഫ് സ്വന്തമാക്കുമെന്നുമാണ് സര്‍വേ ഫലം. അതേസമയം കൈരളി ടിവിക്ക് സര്‍വേയില്‍ ഉത്തരവാദിത്തമില്ലെന്നും പൂര്‍ണ ഉത്തരവാദിത്തം സര്‍വേ ഏജന്‍സിയായ സിഇഎസിനായിരിക്കുമെന്നും അവതാരകന്‍ വ്യക്തമാക്കുന്നുണ്ട്. 20 മണ്ഡലങ്ങളിലായി 80 നിയമസഭാ മണ്ഡലങ്ങളില്‍ 12000 പേര്‍ സര്‍വേയില്‍ പങ്കെടുത്തുവെന്ന് ഏജന്‍സി അവകാശപ്പെടുന്നു.