തൃശൂരില്‍ എന്‍ഡിഎ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി സുരേഷ് ഗോപി തോല്‍വിയേറ്റ് വാങ്ങുമെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി എന്‍ പ്രതാപനെ പരാജയപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യൂ തോമസ് വിജയിക്കുമെന്നാണ് സര്‍വെ പ്രവചിക്കുന്നു

തിരുവനന്തപുരം: വെള്ളിത്തിരയിലെ താരങ്ങള്‍ മത്സരിച്ച തൃശൂരിലും ചാലക്കുടിയിലും ആര് വിജയിക്കുമെന്ന് പ്രവചിച്ച് കെെരളി ന്യൂസ്-സിഇഎസ് പോസ്റ്റ് പോള്‍ സര്‍വെ. തൃശൂരില്‍ എന്‍ഡിഎ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി സുരേഷ് ഗോപി തോല്‍വിയേറ്റ് വാങ്ങുമെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്.

തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി എന്‍ പ്രതാപനെ പരാജയപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യൂ തോമസ് വിജയിക്കുമെന്നാണ് സര്‍വെ പ്രവചിക്കുന്നു. എല്‍ഡിഎഫിന് 39.2 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ യുഡിഎഫിന് 37.1 ശതമാനം വോട്ട് ലഭിക്കും.

എന്‍ഡിഎയ്ക്ക് 21.6 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വെ പറയുന്നു. ചാലക്കുടിയില്‍ എല്‍ഡിഎഫിനെ ഞെട്ടിക്കുന്ന സര്‍വെ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. നിലവിലെ എംപിയായ ഇന്നസെന്‍റിന് കാലിടറും. എല്‍ഡിഎഫിന് 38.6 ശതമാനം വോട്ട് ലഭിക്കമ്പോള്‍ 39.3 ശതമാനം വോട്ടിന്‍റെ നേരിയ മുന്‍തൂക്കമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹന്നാന് ലഭിക്കുക.

എന്‍ഡിഎയ്ക്ക് 20.8 ശതമാനം വോട്ടും ലഭിക്കും. അതേസമയം, കൈരളി ടിവിയും സിഇഎസും ചേര്‍ന്ന് നടത്തിയ സര്‍വ്വെയില്‍ വടക്കന്‍ കേരളത്തില്‍ ഇടതു തരംഗമെന്നാണ് പ്രവചിക്കുന്നത്. വടക്കന്‍ കേരളത്തില്‍ ആകെയുള്ള ഏട്ട് സീറ്റുകളില്‍ അഞ്ച് സീറ്റുകളിലും ഇടതു പക്ഷം വിജയിക്കുമെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്.

അതേസമയം കൈരളി ടിവിക്ക് സര്‍വേയില്‍ ഉത്തരവാദിത്തമില്ലെന്നും പൂര്‍ണ ഉത്തരവാദിത്തം സര്‍വേ ഏജന്‍സിയായ സിഇഎസിനായിരിക്കുമെന്നും അവതാരകന്‍ വ്യക്തമാക്കുന്നുണ്ട്. 20 മണ്ഡലങ്ങളിലായി 80 നിയമസഭാ മണ്ഡലങ്ങളില്‍ 12000 പേര്‍ സര്‍വേയില്‍ പങ്കെടുത്തുവെന്ന് ഏജന്‍സി അവകാശപ്പെടുന്നു.