മഥുരയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് കോൺ​ഗ്രസ് പ്രവർത്തകരിൽ നിന്നും പ്രിയങ്കയ്ക്ക് അപമാനം നേരിടേണ്ടി വന്നത്. പാർട്ടി കുറ്റക്കാരെ പുറത്താക്കിയെങ്കിലും പിന്നീട് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇവരെ തിരിച്ചെടുത്തിരുന്നു. 

പത്ത് വർഷങ്ങൾക്ക് മുമ്പ്, 2010 ലാണ് പ്രിയങ്ക ചതുർവേദി കോൺ​ഗ്രസിലെത്തുന്നത്. കോൺ​ഗ്രസിലെത്തുന്ന സമയത്ത് ബ്ലോ​ഗറും എഴുത്തുകാരിയുമായിരുന്നു ഇവർ. 2010 ൽ കോൺ​ഗ്രസിലെത്തിയ പ്രിയങ്ക 2012 ആയപ്പോഴേയ്ക്കും കോൺ​ഗ്രസിന്റെ മുംബൈ യൂത്ത് വിം​ഗിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്കുയർന്നു. സൈബറിടങ്ങളിൽ കോൺ​ഗ്രസിന്റെ അതിശക്തയായ വക്താവായിരുന്ന പ്രിയങ്ക ചതുർവേദി 2013 മെയ് മുതൽ എഐസിസിയുടെ ദേശീയ വക്താക്കളിലൊരാളായി മാറി. 

പത്ത് വർഷത്തിനിപ്പുറം ഈ സ്ഥാനത്ത് നിന്നും പടിയിറങ്ങുമ്പോൾ സ്ത്രീയെന്ന പേരിലുള്ള മാന്യതയും അഭിമാനവും സുരക്ഷയും ഹനിക്കപ്പെട്ടത് കൊണ്ടാണെന്ന് ഇവർ പറയുന്നു. തന്നോട് അപമര്യാദയായി പെരുമാറിയ നേതാക്കൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തതിന്റെ പ്രതിഷേധമായിട്ടാണ് കോൺ​ഗ്രസ് പാർട്ടിയിൽ നിന്നുള്ള പ്രിയങ്കയുടെ രാജി. യൂത്ത് വിം​ഗിന്റെ തലപ്പത്തിരുന്നിട്ട് കൂടി അവർക്ക് സമൂഹമാധ്യമങ്ങളിൽ നിന്ന് ബലാത്സം​ഗ ഭീഷണി വരെ നേരിടേണ്ടി വന്നു. മഥുരയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് കോൺ​ഗ്രസ് പ്രവർത്തകരിൽ നിന്നും പ്രിയങ്കയ്ക്ക് അപമാനം നേരിടേണ്ടി വന്നത്. പാർട്ടി കുറ്റക്കാരെ പുറത്താക്കിയെങ്കിലും പിന്നീട് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇവരെ തിരിച്ചെടുത്തിരുന്നു.

തെഹൽക്ക, ഡെയ്ലി ന്യൂസ് അനാലിസിസ്, ഫസ്റ്റ് പോസ്റ്റ് എന്നീ ദേശീയ മാധ്യമങ്ങളിലെ കോളമിസ്റ്റ് ആയിരുന്നു പ്രിയങ്ക ചതുർവേദി. സ്ത്രീ സുരക്ഷയും ബാലാവകാശ സംരക്ഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന രണ്ട് എൻജിഒകളിലും ഇവർ സജീവമായി പ്രവർത്തിച്ചിരുന്നു. 2016ൽ ഇന്ത്യ ഭാവിയിൽ പ്രതീക്ഷയർപ്പിച്ചിരുന്ന പത്ത് വനിതാ രാഷ്ട്രീയ പ്രവർ‌ത്തകരിലൊരാളും പ്രിയങ്ക ചതുർവേദിയായിരുന്നു. കോൺ​ഗ്രസ് പാർട്ടിയുടെ ഔദ്യോ​ഗിക വക്താവായിരുന്ന സമയത്തും മാധ്യമങ്ങളിലെയും ചാനലുകളിലെയും രാഷ്ട്രീയ സംവാദങ്ങളിലും ഇവർ പങ്കെടുത്തിരുന്നു. കൂടാതെ ബിജെപി സർക്കാരിന്റെ ഏറ്റവും നിശിതമായി വിമർശിക്കുന്നവരുടെ ​ഗണത്തിലായിരുന്നു പ്രിയങ്കയുടെ സ്ഥാനം. മോദിക്കും ബിജെപിക്കുമെതിരെ ശക്തമായി പ്രതികരിച്ചിരുന്ന ഒരാളെയാണ് കോൺ​ഗ്രസിന് നഷ്ടമായിരിക്കുന്നത്.

ഒരാഴ്ച മുമ്പാണ് എഐസിസി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ തെരഞ്ഞടുപ്പ് സത്യവാങ്മൂലത്തിൽ വിദ്യാഭ്യാസ യോ​ഗ്യതകൾ കൃത്യമായി രേഖപ്പെടുത്താത്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരിഹസിച്ച് പാരഡി പാട്ടുണ്ടാക്കി പ്രിയങ്ക പാടിയത്. കോൺ​ഗ്രസിൽ നിന്നും ശിവസേനയിലേക്കാണ് പ്രിയങ്ക ചതുർവേദി പോകുന്നതെന്നാണ് ഔദ്യോ​ഗിക വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ശിവസേനയും ബിജെപിയും തമ്മിൽ തെരഞ്ഞെടുപ്പ് കാലത്ത് സഖ്യത്തിലായേക്കുമെന്നും സൂചനയുണ്ട്. മഹാരാഷ്ട്രയിൽ‌ ശിവസേനയും ബിജെപിയും ഒന്നിച്ചാണ് പതിനേഴാം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.

തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയ സമയത്ത് സ്ത്രീകൾ ഈ പാർട്ടിയിൽ സുരക്ഷിതരല്ല എന്ന് വ്യക്തമായി പ്രഖ്യാപിച്ച് ദേശീയ വക്താക്കളിലൊരാളായ പ്രിയങ്ക ചതുർവേദി ഇറങ്ങിപ്പോകുന്നത് കോൺ‌​ഗ്രസ് നേരിടുന്ന കനത്ത തിരിച്ചടിയായേക്കും.