ലഖ്‍നൗ: ചെരുപ്പ് വിതരണം നടത്തി അമേഠിയിലെ ജനങ്ങളെ സ്മൃതി ഇറാനി അപമാനിച്ചെന്ന് പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയെ അപമാനിക്കാനാണ് സ്മ‍ൃതി ഇറാനി ചെരുപ്പ് വിതരണം നടത്തിയത്.  എന്നാല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍റെ ലോക്സഭാ മണ്ഡലത്തിലെ ജനങ്ങള്‍ യാചകരല്ല. അമേഠിയിലെ ജനങ്ങള്‍ യാചിക്കാന്‍ പോകാറില്ല. ഞങ്ങളെ നേതാക്കളാക്കിയത് അവരാണ്. അവര്‍ക്ക് സത്യമറിയാം എന്നായിരുന്നു സ്മൃതി ഇറാനിയുടെ ചെരുപ്പ് വിതരണത്തിന് പിന്നാലെ പ്രിയങ്കയുടെ പ്രതികരണം.

അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ സ്മൃതി ഇറാനി മത്സരിക്കുന്നത്. ബിജെപി എല്ലായിപ്പോഴും പൊള്ളയായ വാഗ്ദാനങ്ങളാണ് നല്‍കുന്നത്. അവര്‍ എല്ലായിപ്പോഴും കള്ളങ്ങള്‍ പറയുന്നു. അമേത്തിയിലെ ജനങ്ങള്‍ക്കും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയാണ് ബിജെപിയെന്നും പ്രിയങ്ക പറഞ്ഞു. എന്നാല്‍ താനൊരു നടിയായിരുന്നെന്നും പ്രിയങ്ക ഗാന്ധി അഭിനയിക്കാതിരിക്കുന്നതാണ് നല്ലതെന്നും സ്മൃതി ഇറാനി പരിഹസിച്ചു.

ചെരുപ്പ് വിതരണം ചെയ്തത് ജനങ്ങളെ സഹായിക്കാനാണ്. ഒരു ചെരുപ്പ് പോലും ഇല്ലാത്തവരുണ്ട്. ഇത്തിരിയെങ്കിലും നാണമുണ്ടെങ്കില്‍ പ്രിയങ്ക ഗാന്ധി അവിടുത്തെ അവസ്ഥ നേരിട്ട് പോയി കണ്ട് മനസിലാക്കണമെന്നും സ്മൃതി ഇറാനി പറഞ്ഞു.