ബതിന്ദ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെങ്കിലും പ്രചാരണ രം​ഗത്ത് സജീവയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. രാജ്യത്തുടനീളമുള്ള പ്രചാരണറാലികളിൽ പങ്കെടുക്കുകയും ആളുകളെ അതിശയിപ്പിക്കുകയും ചെയ്യുകയാണ് പ്രിയങ്ക ​ഗാന്ധി. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിനായി മധ്യപ്രദേശിൽ എത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജയ് വിളിച്ചവർക്ക് കൈ കൊടുത്ത് പ്രിയങ്ക ആളുകളെ ആശ്ചര്യപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ പഞ്ചാബിലെ ജനങ്ങളെയും അമ്പരപ്പിച്ച്  താരമായിരിക്കുകയാണ് പ്രിയങ്ക.

പഞ്ചാബിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കവേ പ്രിയങ്ക പഞ്ചാബി ഭാഷയിൽ ഏതാനും വാക്കുകൾ പറഞ്ഞാണ് ജനങ്ങളെ കൈയ്യിലെടുത്തത്. ഹിന്ദിയിൽ പ്രസംഗം തുടങ്ങിയ പ്രിയങ്ക പതിയെ പഞ്ചാബ് ഭാഷ സംസാരിക്കുകയായിരുന്നു. ”ഞാൻ ഇവിടെ നിൽക്കുന്നതിൽ സന്തോഷിക്കുന്നു, കാരണം എന്റെ ഭർത്താവ് പഞ്ചാബുകാരനാണ്. ഇനി ഞാൻ പഞ്ചാബ് ഭാഷയിലെ എന്റെ പ്രാവിണ്യം കാട്ടാം. ബാക്കിയുളള എന്റെ പ്രസംഗം ഹിന്ദിയിലായിരിക്കും,” പ്രിയങ്ക പറഞ്ഞു.

കഴിഞ്ഞ ദിവസം ഇന്‍ഡോറിലെ റോഡ് ഷോയ്ക്കിടെയാണ് തന്നെ നോക്കി മോദി അനുകൂല മുദ്രാവാക്യം വിളിച്ചവർക്ക് പ്രിയങ്ക ഗാന്ധി കൈ കൊടുത്തത്. പ്രിയങ്ക കാറിൽ പോകുമ്പോൾ റോഡരികിൽ കാത്തുനിന്ന ബിജെപി പ്രവര്‍ത്തര്‍ ഉച്ചത്തിൽ 'മോദി മോദി' എന്നാർത്ത് വിളിക്കുകയായിരുന്നു. ഇതുകേട്ട പ്രിയങ്ക കാറിൽനിന്ന് ഇറങ്ങുകയും മുദ്രാവാക്യം വിളിച്ചവരുടെ സമീപത്ത് ചെല്ലുകയും ചിരിച്ച്കൊണ്ട് അവർക്ക് കൈ കൊടുക്കുക‌യുമായിരുന്നു.