വയനാട്: രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി കേരളത്തിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പുൽവാമയിൽ വീരമൃത്യു വരിച്ച ജവാൻ വസന്തകുമാറിന്‍റെ ബന്ധുക്കളെ വീട്ടിലെത്തി സന്ദർശിച്ചു. കുടുംബാംഗങ്ങളുമായി ഏറെ നേരം പ്രിയങ്ക ഗാന്ധി ചെലവഴിച്ചു. വസന്തകുമാറിന്‍റെ ഭാര്യയേയും മക്കളേയും പ്രിയങ്ക ഗാന്ധി ആശ്വസിപ്പിച്ചു.

പുൽവാമ രക്തസാക്ഷി വസന്തകുമാറിന്‍റെ വീട്ടിൽ വച്ച് പ്രിയങ്ക ഗാന്ധി ശ്രീധന്യയെ അഭിനന്ദിക്കുന്നു

ആദിവാസി വിഭാഗത്തിൽ നിന്നും ആദ്യമായി സിവിൽ സർവീസ് പരീക്ഷ പാസായ ശ്രീധന്യയും പ്രിയങ്കയെ കാണാൻ വസന്തകുമാറിന്‍റെ വീട്ടിൽ എത്തിയിരുന്നു. ശ്രീധന്യയെ പ്രിയങ്ക ഗാന്ധി അഭിനന്ദിച്ചു. തുടർന്ന് ആദിവാസി ഊരിലെ നാട്ടുകാരെയും പ്രിയങ്ക ഗാന്ധി സന്ദർശിച്ചു. ഇന്നലെ തന്നെ പ്രിയങ്ക ഗാന്ധി ആദിവാസി ഊരുകൾ സന്ദർശിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും മഴയും മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നതിനാലും ആണ് സന്ദർശനം ഇന്നത്തേക്ക് നീട്ടിവച്ചത്.  ഇന്ന് രാവിലെ തന്നെ പ്രിയങ്ക കേരളത്തിൽ നിന്ന് മടങ്ങാനാണ് മുമ്പ് തീരുമാനിച്ചതെങ്കിലും പിന്നീട് സമയക്രമം മാറ്റി നിശ്ചയിക്കുകയായിരുന്നു.