കൽപ്പറ്റ: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഹവിൽദാർ പി വി വസന്തകുമാറിന്‍റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി ഇന്ന് സന്ദർശിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വസന്തകുമാറിന്‍റെ തൃക്കേപറ്റയിലെ  തറവാട്ട് വീട്ടിൽ എത്തിയായിരിക്കും സന്ദർശനം. ഇന്നലെ തന്നെ വസന്തകുമാറിന്‍റെ കുടുംബത്തെ സന്ദർശിക്കാനായിരുന്നു തീരുമാനമെങ്കിലും കനത്ത മഴ മൂലം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

വൈത്തിരിയിൽ തങ്ങുന്ന പ്രിയങ്ക ഗാന്ധി രാവിലെ വയനാട് ലോകസഭാ  മണ്ഡലത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളെക്കുറിച്ച്  പ്രത്യേക ചർച്ച നടത്തും.

രാഹുൽ ഗാന്ധിക്ക് വോട്ടഭ്യർത്ഥിച്ച്  വയനാട് മണ്ഡലത്തിലെ വിവിധയിടങ്ങളിൽ  പര്യടനം നടത്തുന്നതിനിടെ പ്രിയങ്ക പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. മണ്ഡലത്തിലുടനീളം സഞ്ചരിച്ച പ്രിയങ്കയ്ക്ക് ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്. 

ഞാൻ എന്‍റെ സഹോദരനെ നിങ്ങളെ ഏൽപ്പിക്കുകയാണ്. നിങ്ങൾ രാഹുലിനെ വിജയിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും പ്രിയങ്ക പറഞ്ഞു. നിലമ്പൂർ കോടതിപ്പടിയിലും കേന്ദ്രത്തിനെതിരെ കടുത്ത വിമർശനമാണ് പ്രിയങ്ക നടത്തിയത്. നിശ്ചയിച്ചതിലും രണ്ട് മണിക്കൂറോളം വൈകിയാണ്  എത്തിയതെങ്കിലും പൊരിവെയിലിനെ അവഗണിച്ചും വൻ ജനക്കൂട്ടമാണ് പ്രിയങ്കയുടെ പ്രസംഗം കേൾക്കാൻ ഓരോ കേന്ദ്രങ്ങളിലുമെത്തിയത്.