ശ്രീനഗറില്‍ ഫാറൂഖ് അബ്ദുള്ളയ്ക്ക് എതിരെ മത്സരിക്കുന്ന ശ്രീനഗറിലെ ബിജെപി സ്ഥാനാര്‍ത്ഥി ഖാലിദ് ജഹാംഗിറിന്‍റെ പോസ്റ്ററുകള്‍ ഇത്തരത്തില്‍ ചര്‍ച്ചയാകുന്നു

ശ്രീനഗര്‍: തങ്ങളുടെ ഔദ്യോഗിക നിറമായ കാവി വിട്ട്, കാശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പച്ച നിറം തിരഞ്ഞെടുത്ത് ബിജെപി. കാശ്മീരിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ പോസ്റ്ററുകളിലും നോട്ടീസുകളിലുമെല്ലാം കാവി പൂര്‍ണമായി ഒഴിവാക്കി പച്ചയാക്കിയിരിക്കുകയാണ്. ബിജെപി ചിഹ്നമായ താമര പോലും പച്ചയിലാണ്.

ശ്രീനഗറില്‍ ഫാറൂഖ് അബ്ദുള്ളയ്ക്ക് എതിരെ മത്സരിക്കുന്ന ശ്രീനഗറിലെ ബിജെപി സ്ഥാനാര്‍ത്ഥി ഖാലിദ് ജഹാംഗിറിന്‍റെ പോസ്റ്ററുകള്‍ ഇത്തരത്തില്‍ ചര്‍ച്ചയാകുന്നു. ബിജെപിയുടെ പച്ച മേയ്ക്ക് ഓവറിനെ കളിയാക്കി മുന്‍ ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രി ഓമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. കശ്മീരിലെ ഇപ്പോഴത്തെ അവസ്ഥ ബിജെപിക്ക് പ്രതികൂലമാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കാവി മാറ്റി പച്ച നിറത്തില്‍ പ്രചാരണം നടത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചിരിക്കുന്നത് എന്നാണ് പ്രദേശിക മാധ്യമങ്ങള്‍ പറയുന്നത്.

പ്രചാരണത്തിന് പച്ച നിറം ഉപയോഗിക്കുന്നത് സംബന്ധിച്ച് വിശദീകരിച്ച ബിജെപി സ്ഥാനാര്‍ത്ഥി ഖാലിദ് ജഹാംഗിര്‍. ഞാന്‍ ഒരു കാവി സ്ഥാനാര്‍ത്ഥിയാണ് പ്രചാരണത്തിന്‍റെ ആകര്‍ഷണത്തിന് വേണ്ടി നിറം മാറ്റിയതാണ്. അല്ലാതെ ഇതില്‍ രാഷ്ട്രീയം കാണേണ്ട ആവശ്യമില്ലെന്ന് പറയുന്നു.

ഇതിന് പുറമേ പാകിസ്ഥാന്‍ സംബന്ധിച്ച നയത്തിലും ബിജെപിയുടെ കാശ്മീരിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് വിഭിന്നമായ അഭിപ്രായമാണെന്നാണ് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നത്. അനന്തനാഗിലെ ബിജെപി സ്ഥാനാര്‍ത്ഥി പാകിസ്ഥാനുമായി ചര്‍ച്ചകള്‍ ആരംഭിക്കണം എന്ന ആവശ്യമാണ് പറയുന്നത്. പാകിസ്ഥാനുമായുള്ള സംഘര്‍ഷം ഒന്നും തെര‍ഞ്ഞെടുപ്പ് യോഗത്തില്‍ പറയാത്ത സ്ഥാനാര്‍ത്ഥി പ്രധാനമന്ത്രിയുടെ പാകിസ്ഥാനിലെ സര്‍പ്രൈസ് സന്ദര്‍ശനവും, കര്‍ത്താപ്പൂര്‍ തീര്‍ത്ഥാടന ഇടനാഴിയും ഒക്കെയാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.