പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന് എസ്എൻഡിപി കൺവെൻഷൻ വേദിയിൽ വെള്ളാപ്പള്ളി നടേശൻ അമിത പ്രാധാന്യം നൽകി സ്വീകരിച്ചെന്ന് ആരോപിച്ച് തിരുവല്ലയിൽ എസ്എൻഡിപി പ്രവര്‍ത്തകരുടെ പ്രതിഷേധം. വേദിയിലെത്തിയ എൻഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ വേണ്ടത്ര പരിഗണിക്കാതെ ജനറൽ സെക്രട്ടറി ഇരട്ടത്താപ്പ് കാട്ടിയെന്നാരോപിച്ചാണ് ശരണം വിളിച്ചുള്ള പ്രതിഷേധം ഉയര്‍ന്നത്. 

മനയ്ക്കച്ചിറ എസ്എൻഡിപി കൺവെൻഷനിലേക്ക് ആദ്യമെത്തിയ കെ സുരേന്ദ്രന് വെള്ളാപ്പള്ളി നടേശൻ അര്‍ഹമായി പരിഗണന നൽകിയില്ലെന്നാണ് ആരോപണം. പരിപാടിയുടെ അവസാന ഭാഗത്ത് വേദിയിലെത്തിയ വീണാ ജോര്‍ജിനെ വെള്ളാപ്പള്ളി നടേശൻ തലയിൽ കൈവച്ച് അനുഗ്രഹിച്ചതിന് പിന്നാലെ  ശരണം വിളിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു.

ശബരിമല യുവതീ പ്രവേശനത്തിൽ എൽഡിഎഫിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളിക്കെതിരായ പ്രവര്‍ത്തകരുടെ അമര്‍ഷമാണ് പ്രതിഷേധത്തിലൂടെ പുറത്ത് വന്നത്. അതേസമയം, സാമുദായിക ഘടകങ്ങൾ വിധി നിര്‍ണയിക്കുന്ന പത്തനംതിട്ടയിൽ ധ്രുവീകരണം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രൻ. എന്നാല്‍ എസ്എൻഡിപിയ്ക്ക് ശരിദൂരമാണെന്നായിരുന്നു വെള്ളപ്പാള്ളിയുടെ പ്രതികരണം.