'പ്രധാനമന്ത്രി എന്നെ അറസ്റ്റ് ചെയ്യാൻ വന്നാലും ഭയമില്ല', റായ്‍ബറേലിയിൽ സോണിയയുടെ പത്രികാസമർപ്പണത്തിന് ശേഷം രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
റായ്‍ബറേലി: തുറന്ന സംവാദത്തിന് ധൈര്യമുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 'തുഗ്ലക്ക് റോഡ് തെരഞ്ഞെടുപ്പ് അഴിമതി' നടക്കുകയാണ് രാജ്യത്തെന്ന പ്രധാനമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു രാഹുൽ. മധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥ് ഉൾപ്പടെയുള്ളവരുടെ ബന്ധുക്കളുടെയും അനുയായികളുടെയും വീടുകളിൽ നടത്തിയ റെയ്‍ഡുകളെ സൂചിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
''എനിക്കെതിരെ പ്രധാനമന്ത്രി എന്ത് നടപടിയെടുത്താലും ഭയമില്ല'', രാഹുൽ പറഞ്ഞു. റായ്‍ബറേലിയിൽ സോണിയയുടെ പത്രികാസമർപ്പണത്തിന് ശേഷം സംസാരിക്കുകയായിരുന്നു രാഹുൽ. അടുത്ത അഞ്ച് വർഷം അധികാരത്തിലെത്തിയാൽ കോൺഗ്രസ് നേതാക്കളെ ഒരോരുത്തരെയും ജയിലിലിടുമെന്ന മോദിയുടെ പ്രസംഗം രാഹുൽ തള്ളി.
''മോദി തോൽവിയ്ക്ക് അതീതനല്ല, ഈ തെരഞ്ഞെടുപ്പ് ഇക്കാര്യം തെളിയിക്കും.'' രാഹുൽ പറഞ്ഞു.
''ഒരു പൊതുസംവാദത്തിന് വന്നാൽ മോദിയ്ക്ക് പിന്നെ ജനങ്ങളുടെ മുഖത്ത് നോക്കാൻ വയ്യാതെയാകും.'' രാഹുൽ പരിഹസിച്ചു.
'റഫാൽ കേസിൽ എങ്ങനെയാണ് സുപ്രീംകോടതി വീണ്ടും വിധി പുനഃപരിശോധിക്കാൻ തീരുമാനിച്ചതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. ഇതിന് പ്രധാനമന്ത്രി മറുപടി പറഞ്ഞേ തീരൂ', രാഹുൽ ആവശ്യപ്പെട്ടു.
