Asianet News MalayalamAsianet News Malayalam

നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോഴിക്കോട് കടപ്പുറത്ത് രാഹുൽ ഗാന്ധിയുടെ പ്രസംഗം

ഇന്ത്യയെന്ന ജനമഹാസാഗരത്തിന്‍റെ ശബ്ദം കോൺഗ്രസ് ശ്രദ്ധിക്കുന്നു. അതേസമയം, ബിജെപിയും ആർഎസ്എസും അവരുടെ ആശയം രാഷ്ട്രത്തേക്കാൾ വലുതാണെന്നാണ് കരുതുന്നത്. കടലിനോട് നീയെന്താണ് ചെയ്യേണ്ടത് എന്ന് ആജ്ഞാപിക്കുന്നതുപോലെയാണ് നരേന്ദ്രമോദിയുടെ പ്രവർത്തനം.

rahul gandhi attacks narendramodi in election campaign rally in kozhikkode, kerala
Author
Kozhikode Beach, First Published Mar 14, 2019, 7:36 PM IST

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ജനമഹാറാലിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അടിമുടി കടന്നാക്രമിച്ചു. സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയത്തിനെതിരെയും ശക്തമായ ഭാഷയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. രാഹുലിന്‍റെ ഓരോ പരാമർശവും കോഴിക്കോട് ബീച്ച് നിറഞ്ഞുകവിഞ്ഞ കോൺഗ്രസ് പ്രവർത്തകർ ഹർഷാരവത്തോടെ ഏറ്റുവാങ്ങി. കേരളത്തിൽ കോൺഗ്രസിന്‍റെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും കോഴിക്കോട് ബീച്ചിലെ ജനമഹാറാലിയോടെ ഔദ്യോഗിക തുടക്കമായി. അബ്ദുൾ സമദ് സമദാനിയാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.

കടലിനെ ഉപമയാക്കിയായിരുന്നു രാഹുൽ ഗാന്ധി നരേന്ദ്രമോദിയെ കണക്കറ്റ് വിമർശിച്ചത്. കടപ്പുറത്തെ വേദിയിൽ നിന്ന് അറബിക്കടലിനെ ചൂണ്ടി രാഹുൽ പറഞ്ഞു, 'ഇന്ത്യ ഈ മഹാസാഗരം പോലെയാണ്. കടൽക്കരയിൽ നിൽക്കുന്ന ഒരു മനുഷ്യനെപ്പോലെയാണ് കോൺഗ്രസ് പാർട്ടി.' ഇന്ത്യയെന്ന ജനമഹാസാഗരത്തിന്‍റെ ശബ്ദം കോൺഗ്രസ് ശ്രദ്ധിക്കുന്നുവെന്നും സ്വന്തം ആശയം ഇന്ത്യയെന്ന ആശയത്തേക്കാൾ വലുതാണെന്ന് കോൺഗ്രസ് കരുതുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഷ്ട്രസാഗരത്തിന്‍റെ ശബ്ദത്തിന് ചെവിയോർത്ത്, അത് ഉൾക്കൊണ്ടാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. കോൺഗ്രസ് ഒരു വ്യക്തിയുടേയോ സമുദായത്തിന്‍റെയോ ശബ്ദമല്ലെന്നും രാജ്യത്തിനുമേൽ ഒന്നും അടിച്ചേൽപ്പിക്കാനോ രാജ്യത്തിന് മേൽ ആധിപത്യം സ്ഥാപിക്കാനോ കോൺഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം, ബിജെപിയും ആർഎസ്എസും അവരുടെ ആശയം രാഷ്ട്രത്തേക്കാൾ വലുതാണെന്നാണ് കരുതുന്നത്. സഹസ്രാബ്ധങ്ങളുടെ പാരമ്പര്യമുള്ള ഈ രാജ്യത്തിന്‍റെ വൈവിദ്ധ്യം പരിഗണിക്കാതെ സ്വന്തം മനസിന്‍റെ കാര്യം മാത്രമാണ് നരേന്ദ്രമോദി പറയുന്നത്. കടലിന് മുന്നിൽ നിന്ന് നരേന്ദ്രമോദി സ്വന്തം വമ്പത്തം പറയുകയാണെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. കടലിനേക്കാൾ വലുതാണ് താൻ എന്നാണ് മോദിയുടെ ഭാവം.

എല്ലാ ആഴ്ചയും താൻ മാധ്യമങ്ങളെ കാണുന്നുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അപ്പോഴെല്ലാം മാധ്യമപ്രവർത്തകർ അവർക്കിഷ്ടമുള്ള ചോദ്യങ്ങൾ തന്നോട് ചോദിക്കും. അതിന് താൻ മറുപടിയും കൊടുക്കും. പക്ഷേ ഇവിടെ ഒരു പ്രധാനമന്ത്രിയുണ്ട്, താനെന്താണ് ചെയ്യാനുള്ളതെന്ന് മാത്രമാണ് അദ്ദേഹം പറയുന്നതെന്ന് പ്രധാനമന്ത്രിയുടെ 'മൻ കി ബാത്തി'നെ പരാമർശിച്ചുകൊണ്ട് രാഹുൽ ഗാന്ധി പരിഹസിച്ചു. ചോദ്യങ്ങൾ കേൾക്കാൻ തയ്യാറാകാത്ത പ്രധാനമന്ത്രിയാണ് ഇന്ത്യയുടേത്.

കടലിനോട് നീയെന്താണ് ചെയ്യേണ്ടത് എന്ന് ആജ്ഞാപിക്കുന്നതുപോലെയാണ് പ്രധാനമന്ത്രിയുടെ പ്രവർത്തനം. ഒരാളുടെ മാത്രം മനസിന്‍റെ ആവിഷ്കാരമാണ് കഴിഞ്ഞ അഞ്ച് വർഷക്കാലം രാജ്യം കണ്ടത്. നോട്ട് നിരോധനം, ജിഎസ്ടി ഇവയെല്ലാം മോദി രാജ്യത്ത് അടിച്ചേൽപ്പിച്ചു. അതിന്‍റെ ദുരിതങ്ങളിൽ നിന്ന് രാജ്യം ഇനിയും കരകയറിയിട്ടില്ല. രാജ്യമെന്ന കടലിന്‍റെ ആശയങ്ങളെ ഉൾക്കൊള്ളാൻ മോദിക്ക് പറ്റില്ല. ജനമഹാസാഗരത്തെ തിരിച്ചറിയാൻ നരേന്ദ്രമോദിക്ക് കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സ്വന്തം മനസിലുള്ളത് പറയുകയല്ല പ്രധാനമന്ത്രി ചെയ്യേണ്ടത്. ജനങ്ങളുടെ മനസ് തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പ്രവർത്തിക്കുകയാണ് വേണ്ടത്.

എന്നാൽ മോദിയെപ്പോലെ ധാർഷ്ട്യത്തിൽ നിന്നല്ല, വിനയത്തിൽ നിന്നാണ് കോൺഗ്രസിന്‍റെ പ്രവർത്തനം തുടങ്ങുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിന് മുമ്പ് കോൺഗ്രസ് രാജ്യത്തെ നമിക്കുകയാണ്. ജനങ്ങളുടെ വിവേകവും സൽബുദ്ധിയും അനുസരിച്ചാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. ജനങ്ങളാണ് യജമാനൻമാരെന്നും ജനങ്ങൾ പറയുന്നതുപോലെ പ്രവർത്തിക്കുമെന്നും കോഴിക്കോട് ബീച്ചിലെ ജനക്കൂട്ടത്തിന് രാഹുൽ ഗാന്ധി പ്രസംഗത്തിനിടെ ഉറപ്പുനൽകി.

പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈനികർ മരിക്കുന്നതിൽ രാജ്യം ദുഃഖിച്ചപ്പോൾ മോദി മുഖത്ത് ചായം തേച്ച് നാഷണൽ ജ്യോഗ്രഫിക് ചാനലിന്‍റെ പരസ്യത്തിൽ അഭിനയിക്കുകയായിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞ‌ു. ആ അഭിനയം പൂർത്തിയാക്കിയപ്പോൾ ആറ് വിമാനത്താവളങ്ങൾ മോദി അനിൽ അംബാനിക്ക് സൗജന്യമായി കൊടുത്തു. മോദി ഭരണത്തിനിടെ കഴിഞ്ഞ 45 കൊല്ലക്കാലത്തിനിടയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള രാജ്യമായി ഇന്ത്യ മാറി. രാജ്യത്തെ കർഷകർ തുടർച്ചയായി ആത്മഹത്യ ചെയ്യുകയാണ്. നരേന്ദ്രമോദിയും അരുൺ ജെയ്റ്റ്ലിയും കർഷകരെ പരിഹസിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. പണക്കാരുടേയും പാവങ്ങളുടേയും രണ്ട് ഇന്ത്യകൾ ഉണ്ടാക്കുക എന്നതാണ് നരേന്ദ്രമോദിയുടെ നവഭാരത ദർശനമെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.

മെഹുൽ ചോക്സി, നീരവ് മോദി, അനിൽ അംബാനി, ലളിത് മോദി എന്നിങ്ങനെയുള്ള വൻ കോടീശ്വരൻമാർക്ക് വേണ്ടി മാത്രമാണ് മോദിയുടെ ഭരണം. ഈ പണക്കാരെയെല്ലാം മോദി 'ഭായി' എന്നാണ് വിളിക്കുന്നത്. എന്നാൽ രാജ്യത്തെ ഒരു കർഷകനെ അദ്ദേഹം 'ഭായി' എന്നുവിളിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. മോദിയുടെ പ്രതിച്ഛായയുടെ സമവാക്യം വളരെ ലളിതമാണ്. അനധികൃതമായ സൗജന്യങ്ങൾ പറ്റുന്ന ഈ പണക്കാർ അവർക്ക് കിട്ടുന്ന സഹായങ്ങൾക്ക് പ്രത്യുപകാരമായി മോദിയുടെ പ്രതിച്ഛായ നിർമ്മിച്ചുകൊടുക്കും. പത്രങ്ങളിലും ചാനലുകളിലും മോദിക്കുവേണ്ടി പരസ്യങ്ങൾ നൽകുന്നത് ഈ ശതകോടീശ്വരന്‍മാരാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ വ്യാപാര കരാറായ റഫാലിൽ മോദി നേരിട്ട് ഇടപെട്ട് അഴിമതി നടത്തിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. കരാർ ഉറപ്പിക്കാൻ അനിൽ അംബാനിയേയും കൂട്ടിയാണ് മോദി ഫ്രാൻസിലേക്ക് പറന്നത് എന്നതിന് തെളിവുണ്ട്. ഇന്ത്യ വാങ്ങുന്ന വിമാനങ്ങളുടെ എണ്ണം കുറയ്ക്കുമെന്നും കരാർ അനിൽ അംബാനിക്ക് നൽകണമെന്നും മോദി ഫ്രഞ്ച് പ്രസിഡന്‍റിനോട് നേരിട്ട് ആവശ്യപ്പെട്ടതിന്‍റെ രേഖകളും പുറത്തുവന്നു. അംബാനിക്കുവേണ്ടി മോദി നേരിട്ട് ഇടപെട്ട് വിമാനങ്ങളുടെ വില വർദ്ധിപ്പിച്ചുവെന്നും രാഹുൽ ആരോപിച്ചു.

സിപിഎമ്മിന് എതിരെയും ശക്തമായ ഭാഷയിലായിരുന്നു കോഴിക്കോട്ടെ പ്രസംഗത്തിൽ രാഹുൽ ഗാന്ധിയുടെ വിമർശനം. അക്രമത്തിലൂടെ കേരളത്തിൽ അധികാരത്തിൽ തുടരാമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. ബിജെപിയും സിപിഎമ്മും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. പക്ഷേ കേരളം നീതിയുടെ മണ്ണാണ്. പെരിയയിൽ സിപിഎം കൊലപ്പെടുത്തിയ ശരത് ലാലിലും കൃപേഷിനും നീതി ലഭിക്കുക തന്നെ ചെയ്യും. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ സിപിഎമ്മിന് മറുപടിയില്ലാത്തതുകൊണ്ടാണ് അക്രമത്തിന്‍റെ വഴി സ്വീകരിക്കുന്നത്. സിപിഎമ്മിന്‍റെ പ്രത്യയശാസ്ത്രം പൊള്ളയാണെന്ന് തിരിച്ചറിയാൻ കുറച്ചുസമയം കൂടി വേണ്ടിവരുമെന്നും രാഹുൽ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് രാജ്യത്ത് അധികാരത്തിലെത്തുമ്പോൾ കേരളത്തിലും സിപിഎമ്മിന് കോൺഗ്രസ് അതിന്‍റെ രാഷ്ട്രീയ ഇച്ഛാശക്തി കാട്ടിക്കൊടുക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

Follow Us:
Download App:
  • android
  • ios