ദില്ലി:കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള ബിജെപി ശ്രമങ്ങൾക്ക് തടയിടാനാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതെന്ന് കോൺഗ്രസ് വക്തവ് പിസി ചാക്കോ.  അമിത് ഷായുടെ നേതൃത്വത്തിൽ അധികാര ദുർവിനിയോഗത്തിലൂടെ വലിയ തോതിൽ പണമിറക്കിയും വർഗീയ ധ്രുവീകരണം നടത്തിയും കേരളത്തിൽ ഒരു സീറ്റെങ്കിലും നേടാനുള്ള ശ്രമത്തിലാണ് ബിജെപി ദേശീയ നേതൃത്വം.  ബിജെപിയുടെ ഈ നീക്കത്തിനെതിരെ ശക്തമായ സന്ദേശം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതെന്നും പിസി ചാക്കോ ദില്ലിയിൽ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ നിലപാടുകളിൽ ഒരു മാറ്റവും വന്നിട്ടില്ല. ബിജെപിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരായ പോരാട്ടത്തിന്‍റെ നെടുനായകത്വം രാഹുൽ ഗാന്ധിക്കാണ്. കേരളത്തിലും പശ്ചിമ ബംഗാളിലും കോൺഗ്രസും ഇടതുപക്ഷവും പരസ്പരം മത്സരിക്കും. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ചായിരുക്കും സഖ്യങ്ങൾ സംബന്ധിച്ച്  തീരുമാനമെടുക്കുകയെന്നും പിസി ചാക്കോ പറഞ്ഞു.