മോദിയോട് ചോദ്യങ്ങളുന്നയിക്കാന്‍ മാധ്യമങ്ങള്‍ക്ക് ഭയമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. ദേശീയസുരക്ഷ സംബന്ധിച്ച് തുറന്ന സംവാദത്തിന് താന്‍ മോദിയെ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ മടിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയോട് ചോദ്യങ്ങളുന്നയിക്കാന്‍ മാധ്യമങ്ങള്‍ക്ക് ഭയമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. ദേശീയസുരക്ഷ സംബന്ധിച്ച് തുറന്ന സംവാദത്തിന് താന്‍ മോദിയെ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.
"നിങ്ങളെന്തുകൊണ്ടാണ് എന്നോട് ചോദിക്കുന്നത് പോലെ അദ്ദേഹത്തോട് (മോദിയോട്) ചോദ്യങ്ങള്‍ ചോദിക്കാത്തത്? ഒരു വാര്‍ത്താസമ്മേളനം നടത്താന്‍ അദ്ദേഹം ഭയക്കുന്നതെന്തു കൊണ്ടാണെന്ന് നിങ്ങളെന്താണ് ചോദിക്കാത്തത്? നിങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ സാധിക്കുന്നുണ്ടോ? നിങ്ങളെന്നോട് ചോദിക്കുന്നു, പക്ഷേ, അദ്ദേഹത്തെ നിങ്ങള്‍ക്കെല്ലാം ഭയമാണ്." രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തൊഴിലില്ലായ്മ, സ്ത്രീസംവരണം തുടങ്ങിയ വിഷയങ്ങളില്‍ നിന്നെല്ലാം നരേന്ദ്രമോദി ഓടിയൊളിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. ദേശീയ സുരക്ഷ, രാജ്യത്തെ അഴിമതി തുടങ്ങിയ വിഷയങ്ങളില്‍ തുറന്ന സംവാദത്തിന് താന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. മോദി ഭയന്നിരിക്കുകയാവും. എന്തായാലും തങ്ങള്‍ അദ്ദേഹത്തെ പരാജയപ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു.
