ദില്ലി: വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏപ്രിൽ മൂന്നിന് നാമനിര്‍ദ്ദേശ പത്രിക സമർപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ സൗകര്യം കണക്കിലെടുത്താണ് ബുധനാഴ്ചത്തേയ്ക്ക് പത്രികാസമര്‍പ്പണം നീട്ടിവെക്കുന്നതെന്നാണ് സൂചന. 

രണ്ടാം തീയതി ചൊവ്വാഴ്ച കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങ് ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്നുണ്ട്. അതിനാല്‍ ബുധനാഴ്ച മാത്രമേ രാഹുലിന് കേരളത്തില്‍ എത്താന്‍ കഴിയൂ എന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. അഞ്ചിന് സൂക്ഷ്മ പരിശോധന. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം.

ഒരാഴ്ചയിലധികമായി നീണ്ടുനിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്നാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുന്നത്. പ്രഖ്യാപനം വന്നതോടെ  വയനാട് മണ്ഡലത്തിലെ പ്രചാരണം തകൃതിയായി നടക്കുകയാണ്. പ്രഖ്യാപനം വന്ന് മണിക്കൂറിനകം രാഹുൽ ഗാന്ധിക്ക് വേണ്ടി കോൺഗ്രസ് പ്രവര്‍ത്തകര്‍ ചുമരെഴുതി തുടങ്ങി.നിലമ്പൂർ നിയോജക മണ്ഡലത്തിലെ എടക്കരയിലാണ് ആദ്യ ചുവരെഴുത്ത്. 

മണ്ഡലത്തിലുടനീളം ആഹ്ളാദ പ്രകടനങ്ങളും വ്യാപകമായി നടക്കുന്നുണ്ട്. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിൽ സന്തോഷമറിയിച്ച് കൽപ്പറ്റയിലടക്കം കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രതീക്ഷകൾ നിറവേറപ്പെട്ടതിൻറെ ആവശത്തിലാണ് കോൺഗ്രസ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥിയാരെന്ന അനിശ്ചിതത്വത്തിൽ കിടന്ന യുഡിഎഫ് ക്യാമ്പും ഉണര്‍ന്നു കഴിഞ്ഞു. രാഹുൽ ഗാന്ധി മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ് ക്യാമ്പ്.