ഷിംല: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. കേന്ദ്രമന്ത്രിമാരെ തന്‍റെ ഔദ്യോഗിക വസതിയിൽ പൂട്ടിയിട്ട ശേഷമാണ് നരേന്ദ്രമോദി നോട്ട്നിരോധനം പ്രഖ്യാപിച്ചതെന്ന് രാഹുൽ ആരോപിച്ചു. ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ.

നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്രമന്ത്രിമാര്‍ 7 റേസ് കോഴ്സ് റോഡിലെ ഔദ്യോഗിക വസതിയിൽ തടങ്കലിലായിരുന്നു. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ അം​ഗങ്ങളാണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നും രാഹുൽ പറഞ്ഞു. 

ബാലാക്കോട്ട് വ്യോമാക്രമണം സംബന്ധിച്ച പ്രസ്താവനകൾ മോദിയുടെ അറിവില്ലായ്മയുടെ തെളിവാണെന്നും രാഹുൽ കുറ്റപ്പെടുത്തി. പാകിസ്ഥാൻ റഡാറുകളെ മറികടക്കാൻ മേഘങ്ങൾ വ്യോമസേനാ വിമാനങ്ങളെ  സഹായിക്കുന്നുവെന്ന പ്രസ്താവനയിൽ പ്രധാനമന്ത്രി ഇപ്പോഴും ഉറച്ച് നിൽക്കുകയാണെന്നും രാജ്യത്തെ ജനങ്ങളെ കേൾക്കാൻ മോദി തയ്യാറാകുന്നില്ലെന്നും രാഹുൽ ആരോപിച്ചു.

കോൺ​ഗ്രസിന്റെ ഭരണം, കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് രാജ്യത്തെ നശിപ്പിച്ച ബിജെപിയുടേത് പോലെ ആകില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ എല്ലാ വാ​ഗ്ദാനങ്ങളും പാലിക്കുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.