മലപ്പുറം: രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അനിശ്ചിതത്വം കാരണം വയനാട് സീറ്റിൽ പ്രഖ്യാപനം ഇനിയും വൈകുന്നത് ശരിയല്ലെന്ന് മുസ്ലീം ലീഗ് നേതൃയോഗത്തിൽ വിമർശനം. എത്രയും വേഗം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കണമെന്ന് പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഇനിയും തീരുമാനം വൈകിയാൽ അത് ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് ലീഗ് നേതൃത്വം. 

രാഹുൽ ഗാന്ധി മത്സരിക്കുന്നതാണ് നല്ലതെന്നും മുസ്ലിം ലീഗ് നേതൃത്വം വിലയിരുത്തുന്നുണ്ട്. കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യമായതിനാൽ പരസ്യ പ്രസ്താവനകൾ വേണ്ടെന്നാണ് മുസ്ലിംലീഗിന്‍റെ തീരുമാനം. അതേ സമയം തീരുമാനം എത്രയും വേഗം ഉണ്ടായാൽ നല്ലതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വൈകിയാലും ആശങ്കപ്പെടേണ്ടതില്ല. പ്രചാരണത്തിന് ആവശ്യത്തിന് സമയം കിട്ടുമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. രാഹുൽ ഗാന്ധി വരുകയാണെങ്കിൽ നല്ലതെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രതികരിച്ചു