കരുണാനിധിയുടെ അന്ത്യവിശ്രമസ്ഥലത്തെ ചൊല്ലിയുണ്ടായ പ്രശ്നം ചൂണ്ടിക്കാട്ടി സ്റ്റാലിൻ വേദിയിലിരിക്കെയാണ് രാഹുലിന്‍റെ പരാമര്‍ശം...
ചെന്നൈ: കരുണാനിധിയെ ബിജെപിയും അണ്ണാഡിഎംകെയും അപമാനിച്ചെന്ന് രാഹുൽ ഗാന്ധി. തമിഴ്നാടിന് നേരെ തന്നെയുണ്ടായ അപമാനമാണിതെന്നും രാഹുല്‍ ഗാന്ധി ചെന്നൈയില്‍ പറഞ്ഞു. കരുണാനിധിയുടെ അന്ത്യവിശ്രമസ്ഥലത്തെ ചൊല്ലിയുണ്ടായ പ്രശ്നം ചൂണ്ടിക്കാട്ടി സ്റ്റാലിൻ വേദിയിലിരിക്കെയാണ് രാഹുലിന്‍റെ പരാമര്‍ശം. ലോക്സഭയിലും രാജ്യസഭയിലും വിധാൻ സഭകളിലും സ്ത്രീ സാന്നിദ്ധ്യം ഉയർത്തുമെന്നും കേന്ദ്ര സർക്കാർ ജോലികളിലും വനിതാ സംവരണം വർധിപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കരുണാനിധിയുടെ മരണ ശേഷം അന്ത്യവിശ്രമസ്ഥലം ഒരുക്കാനായി മറീന ബീച്ചിലാണ് സ്ഥലം കണ്ടെത്തിയിരുന്നത്. അണ്ണാ സമാധിക്ക് സമീപമാകണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇവിടെ സ്മൃതി കുടീരം ഒരുക്കാനാകില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ നിലപാടെടുത്തു. ഇതോടെ സംസ്കാര ചടങ്ങുകള്‍ മണിക്കൂറുകള്‍ നീണ്ടു.
തീരദേശ ചട്ടങ്ങളുടെ ലംഘനമാകുമെന്നും സ്ഥലമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കരുണാനിധിക്ക് മറീന ബീച്ചില്‍ സ്മൃതി കുടീരം ഒരുക്കുന്നതിനെ എഐഎഡിഎംകെ സര്‍ക്കാര്‍ വിലക്കിയത്. ഒടുവില്‍ അര്‍ദ്ധരാത്രി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതുള്‍പ്പെടെയുള്ള നാടകീയ നീക്കങ്ങള്‍ക്കിടയിലാണ് അന്ത്യവിശ്രമത്തിന് മറീന ബീച്ച് തന്നെ ഒരുക്കാനായത്.
