നിരവധി ചർച്ചകൾക്ക് ശേഷമാണ് കോൺ​ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ ശബ്ദമാണ് കോൺ​ഗ്രസിന്റെ പ്രകടന പത്രികയിൽ പ്രതിഫലിക്കുന്നത്. എന്നാൽ അടച്ചിട്ട മുറിക്കുള്ളിലിരുന്ന് തയ്യാറാക്കിയതാണ് ബിജെപിയുടെ പ്രകടന പത്രിക. 

ദില്ലി: ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയ്ക്കെതിരെ രൂ​ക്ഷവിമർശനവുമായി കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. ഒറ്റപ്പെട്ട് പോയ മനുഷ്യന്റെ ശബ്ദം പോലെ എന്നാണ് ബിജെപിയുടെ പ്രകടനപത്രികയെ രാഹുൽ വിശേഷിപ്പിച്ചിരിക്കുന്നത്. ദീർഘവീക്ഷണമില്ലാത്ത, ധാർഷ്ട്യം നിറഞ്ഞ പത്രികയെന്നും രാഹുൽ ​ഗാന്ധി ട്വീറ്റിൽ വിമർശനമുന്നയിച്ചിരിക്കുന്നു. തിങ്കളാഴ്ചയാണ് ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക പുറത്തിറക്കിയത്. 

''നിരവധി ചർച്ചകൾക്ക് ശേഷമാണ് കോൺ​ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ ശബ്ദമാണ് കോൺ​ഗ്രസിന്റെ പ്രകടന പത്രികയിൽ പ്രതിഫലിക്കുന്നത്. എന്നാൽ അടച്ചിട്ട മുറിക്കുള്ളിലിരുന്ന് തയ്യാറാക്കിയതാണ് ബിജെപിയുടെ പ്രകടന പത്രിക. ഒറ്റപ്പെട്ടു പോയ ഒരു മനുഷ്യന്റെ ശബ്ദം പോലയാണത്. ധാർഷ്‌ട്യം നിറഞ്ഞതും ദീർഘവീക്ഷണമില്ലാത്തതുമായ ഒന്നാണത്.'' ബിജെപിയുടെ പ്രകടന പത്രികയെക്കുറിച്ച് രാഹുൽ ​ഗാന്ധിയുടെ ട്വീറ്റ് ഇപ്രകാരമാണ്. 

Scroll to load tweet…

ഉന്നതതല മന്ത്രിമാരുടെ സാന്നിദ്ധ്യത്തിലാണ് മോദി ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. രാജ്യസുരക്ഷയും ദേശീയതയും തീവ്രവാദത്തിനെതിരെയുള്ള പോരാട്ടവും തൊഴിൽ സുരക്ഷയും ഉറപ്പാക്കുന്ന പ്രകടന പത്രികയാണിതെന്നും ബിജെപി അവകാശപ്പെടുന്നു. ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട 370. 35 (എ) എന്നീ വകുപ്പുകൾ ഒഴിവാക്കും, അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കും, കർഷകരുടെ പ്രതിസന്ധികൾ പരിഹരിക്കും എന്നീ വാ​ഗ്ദാനങ്ങളും ബിജെപി പ്രകടന പത്രികയിൽ വാ​ഗ്ദാനം ചെയ്യുന്നുണ്ട്.