വയനാടിനെ ഇളക്കിമറിച്ച രാഹുലിന്‍റെ ബത്തേരി പ്രസംഗം തര്‍ജ്ജിമ ചെയ്തത് റാഷിദ് ഗസ്സാലിയാണ്. സുൽത്താൻ ബത്തേരിയിലെ പൊരിവെയിലത്ത് രാഹുലിനെ കാത്ത് നിന്നവര്‍ക്ക് മുന്നില്‍ കാവ്യാത്മകമായി ഒഴുകുകയായിരുന്നു പ്രസംഗത്തിന്‍റെ പരിഭാഷ.

വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങളോടൊപ്പം തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചവയായിരുന്നു അവയുടെ പരിഭാഷകളും പരിഭാഷകരും. ചില പരിഭാഷകര്‍ പരാജയപ്പെട്ടപ്പോള്‍ മറ്റ് ചിലര്‍ വലിയ വിജയികളായി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ജ്യോതി വിജയകുമാര്‍ ആയിരുന്നു പരിഭാഷകയായി എത്തി കയ്യടി നേടിയത്. ജ്യോതിയുടെ മനോ​ഹരമായ പരിഭാഷയിൽ രാഹുലിന്റെ പ്രസം​ഗത്തിന്റെ ആവേശം പതിന്മടങ്ങായി. ചെങ്ങന്നൂ‌ർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാ‌ത്ഥി ആയിരുന്ന വിജയകുമാറിന്റെ മകളാണ് ജ്യോതി വിജയകുമാ‌‍‌ർ. എന്നാൽ വയനാടിനെ ഇളക്കിമറിച്ച രാഹുലിന്‍റെ ബത്തേരി പ്രസംഗം മൊഴിമാറ്റം ചെയ്തത് വായനാട്ടുകാരൻ റാഷിദ്‌ ഗസ്സാലിയാണ്.

വയനാട് പനമരം കൂളിവയൽ സ്വദേശിയാണ് റാഷിദ് ഗസ്സാലി. ചെറുപ്പം മുതല്‍ പ്രസംഗ വേദികളില്‍ നിറ‌ഞ്ഞുനിന്ന വ്യക്തി. നീലഗിരി ആർട്സ് ആന്‍ഡ് സയൻസ് കോളേജ് ഡയറക്ടർ ആണ് റാഷിദ്‌. ഇമാം ഗസ്സാലി അക്കാഡമിയിലെ പഠനകാലത്ത് തന്നെ ഉറുദു, അറബി, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പ്രസംഗിച്ച് ശീലിച്ചത് റാഷിദ് ഗസ്സാലിക്ക് പ്രസംഗവേദിയില്‍ തുണയായി. യുഎസ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സ്റ്റേറ്റ് സംഘടിപ്പിക്കുന്ന മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ (ഐവിഎല്‍പി) ക്ഷണപ്രകാരം ഇന്ത്യൻ പ്രതിനിധികളുടെ കൂട്ടത്തിൽ റാഷിദ് ഗസ്സാലിയുമുണ്ട്. 

സുൽത്താൻ ബത്തേരിയിലെ പൊരിവെയിലത്ത് രാഹുലിനെ കാത്ത് നിന്നവര്‍ക്ക് മുന്നില്‍ കാവ്യാത്മകമായി ഒഴുകുകയായിരുന്നു പ്രസംഗത്തിന്‍റെ പരിഭാഷ. വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച റാഷിദ് ഗസ്സാലി, സൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ലീഡര്‍ഷിപ് , എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, നീലഗിരി കോളേജ് സെക്രട്ടറി, ഇമാം ഗസ്സാലി അക്കാദമി, അക്കാദമിക് ഡയറക്ടര്‍, നീലഗിരി എരുമാട് മഹല്ല് ഖത്തീബ്, കൂളിവയല്‍ നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ , തമിഴ്‌നാട് മാനേജ്‌മെന്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് തുടങ്ങിയ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. കൂളിവയൽ ഇമാം ഗസ്സാലി അക്കാഡമിയിൽ നിന്ന് മത പഠനം പൂർത്തിയാക്കിയ ഇദ്ദേഹം, ബിരുദാനന്ദര ബിരുദ പഠനം ഫറൂഖ് കോളേജിലും പൂര്‍ത്തീകരിച്ചു.