ദില്ലി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഈ മാസം 22ലേക്ക് നീട്ടി. പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പിഴവുകൾ ചൂണ്ടിക്കാട്ടി സ്വതന്ത്ര സ്ഥാനാർത്ഥിയായ ധ്രുവ് ലാൽ രംഗത്തെത്തിയതിനെ തുടർന്നാണ് നടപടി.

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമ‍ർശനങ്ങളുമായിട്ടാണ് അമേഠിയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ധ്രുവ് ലാലിന്‍റെ അഭിഭാഷകൻ രവി പ്രകാശ് രംഗത്തെത്തിയത്. ബ്രിട്ടീഷ് പൗരനാണെന്നാണ് രാഹുൽ നാമനിർദേശ പത്രികയിൽ കാണിച്ചിരിക്കുന്നതെന്ന് ധ്രുവ് ലാലിന്‍റെ അഭിഭാഷകൻ പറഞ്ഞു. ഇന്ത്യക്കാരനല്ലാത്തൊരാൾക്ക് ഇന്ത്യയിലെ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. രാഹുലിന്‍റെ സത്യവാങ്മൂലത്തിൽ പറയുന്ന കമ്പനിയുടെ ആസ്തിയോ ലാഭവിവരമോ വ്യക്തമല്ലെന്നും അഭിഭാഷകൻ ആരോപിക്കുന്നു. 

രാഹുലിന്‍റെ വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളിൽ പിശകുണ്ടെന്നും രവിപ്രകാശ് പറഞ്ഞു. അതിനിടെ രാഹുലിന്‍റെ പൗരത്വം ആയുധമാക്കി ബിജെപിയും വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്. രാഹുലിന്‍റെ സൂക്ഷ്മപരിശോധന നീട്ടിയ സംഭവം ആയുധമാക്കുകയാണ് ബിജെപി. രാഹുൽ ബ്രിട്ടീഷ് പൗരനാണോ എന്ന ചോദ്യത്തിന് രാഹുലിന്‍റെ അഭിഭാഷകന് മറുപടി നൽകാനായില്ലെന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് ബിജെപി പറഞ്ഞു.