തിരുവനന്തപുരം: കാസർകോട് മണ്ഡലത്തിൽ മുസ്ലീം ലീഗ് പ്രവർത്തകരും കള്ളവോട്ട് ചെയ്തെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ പ്രസ്താവന അംഗീകരിക്കുന്നില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാജ്‍മോഹൻ ഉണ്ണിത്താൻ. കളക്ടർമാർ റിപ്പോർട്ട് നൽകിയതിന്‍റെ അടിസ്ഥാനത്തിൽ മാത്രം കള്ളവോട്ട് നടന്നെന്ന് പറയാനാകില്ല. വെബ് കാസ്റ്റ് ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പുറത്തുവിടട്ടെ, അത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നേരിട്ട് പരിശോധിക്കട്ടെ, എന്നിട്ട് പറയാം കള്ളവോട്ട് നടന്നോ ഇല്ലയോ എന്ന് - രാജ്‍മോഹൻ ഉണ്ണിത്താൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കണ്ണൂരിലെയും കാസർകോട്ടെയും കളക്ടർമാർ സിപിഎമ്മിന്‍റെ ആളുകളാണ്. കള്ളവോട്ട് ചെയ്തെന്ന് ആരോപിക്കപ്പെട്ടവരെ കളക്ടർമാർ വിളിച്ചു വരുത്തി. ഇവരെല്ലാം ആദ്യം കുറ്റം നിഷേധിച്ചതാണ്. പിന്നീട് രണ്ട് പേരെ ഭീഷണിപ്പെടുത്തിയാണ് കള്ളവോട്ട് ചെയ്തെന്ന് എഴുതിമേടിച്ചത്. ഇത് അംഗീകരിക്കാനാകില്ല - ഉണ്ണിത്താൻ പറഞ്ഞു.

മാർക്സിസ്റ്റ് പാർട്ടി ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന ചില ഉദ്യോഗസ്ഥരുണ്ട്. അവരാകാം ഇതിന് പിന്നിൽ. നേരത്തേ സിപിഎം കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ തെളിവ് സഹിതം ഞങ്ങൾ പുറത്തുവിട്ടതാണ്. അപ്പോൾ സിപിഎം ജനങ്ങൾക്ക് മുന്നിൽ അപഹാസ്യരായി. ആ നാണക്കേട് മറയ്ക്കാനാണ് കോൺഗ്രസിനെതിരെ അവർ മറുപരാതി കൊടുത്തത്. കള്ളവോട്ടിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് കോൺഗ്രസിനില്ല. തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം - ഉണ്ണിത്താൻ പറഞ്ഞു.