ആലപ്പുഴ: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്ന കാര്യം  സ്ഥീരീകരിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന് പരിഭ്രാന്തിയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരുപതിൽ ഇരുപത് സീറ്റും യുഡിഎഫ് തൂത്തുവാരും.  വയനാട്ടിൽ രാഹുലിനെ തോൽപ്പിക്കാൻ എൽഡിഎഫിന് കഴിയുമോ എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വെല്ലുവിളിക്കുകയും ചെയ്തു.

കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും കര്‍ണാടകയിലും കോൺഗ്രസിനെ വൻ വിജയത്തിലേക്ക് നയിക്കാൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയും. കൂടുതൽ തിളക്കമുള്ള വിജയം നേടാൻ കോൺഗ്രസിന് ഇത്തവണ കഴിയും. കേരളത്തിലെ യുഡിഎഫിനും ഘടകക്ഷികൾക്കും വലിയ ആശ്വാസവും സന്തോഷവുമാണ്. വലിയ മാറ്റം കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കാൻ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയും. വയനാടും കേരളവും ദേശീയ ശ്രദ്ധയിലേക്ക് വരികയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.