തിരുവനന്തപുരം: പര്‍ദ്ദ ധരിച്ച് എത്തുന്നവരെ വോട്ട് ചെയ്യിക്കരുതെന്ന സിപിഎം നേതാക്കളുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രസ്താവന ദുരുദ്ദേശപരവും അപലപനീയവുമാണെന്ന് ചെന്നിത്തല പറഞ്ഞു. ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണെന്നും അതില്‍ ആര്‍ക്കും ഇടപെടാനുള്ള അവകാശമില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

ന്യൂനപക്ഷ സമുദായങ്ങള്‍ എല്‍ഡിഎഫിനെ പൂര്‍ണ്ണമായും കൈവിട്ടതിന്റെ ജാള്യത മറയ്ക്കാനാണ് ഇത്തരത്തില്‍ പ്രസ്താവനകള്‍ ഇറക്കിയിരിക്കുന്നത്. തോല്‍വി മുന്നില്‍ കണ്ട് നേതാക്കന്മാരുടെ സമനില തെറ്റിയിരിക്കുന്നു. സംഘപരിവാര്‍ ശക്തികളുടെ ഭാഷയിലാണ് സിപിഎമ്മിലെ പല നേതാക്കളും ഇപ്പോള്‍ സംസാരിക്കുന്നത്. നേതാക്കള്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയുകയാണു വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. 

കള്ളവോട്ടിനായി വസ്ത്രത്തെ ഉപയോഗിക്കാൻ പറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖം മറച്ച് വോട്ട് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് പി കെ ശ്രീമതിയും അഭിപ്രായപ്പെട്ടിരുന്നു. പോളിംഗ് ബൂത്തിലെത്തുന്നവര്‍ പര്‍ദ ധരിക്കുന്നതിൽ തെറ്റില്ല, എന്നാൽ പോളിംഗ് ഏജന്‍റ് ആവശ്യപ്പെട്ടാൽ മുഖം കാണിക്കാൻ തയ്യാറാകണമെന്നും സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 

എല്ലാവരും മുഖം മൂടി വരുന്ന അവസ്ഥ ശരിയാകില്ല. മുഖം മൂടികളുടെ തെരഞ്ഞെടുപ്പായി മാറ്റാനാകില്ല. ആരാണെന്ന് തിരിച്ചറിയാൻ അവകാശമുണ്ട്. അതുകൊണ്ടാണ് പര്‍ദ ധരിച്ച് വരുന്നവര്‍ ആരെന്ന് പോളിംഗ് ഉദ്യോഗസ്ഥന് തിരിച്ചറിയാനാകണമെന്നും കോടിയേരി വിശദീകരിച്ചു.  

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.